indiaLatest NewsNationalNews

ധർമ്മസ്ഥല കൊലപാതക പരമ്പര; പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്

ധർമ്മസ്ഥല കൊലപാതക പരമ്പര കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസിലെ പരാതിക്കാരനും സാക്ഷിയുമായ ശുചീകരണ തൊഴിലാളിയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകയാണ് പരാതി നൽകിയത്. അന്വേഷണ സംഘത്തിലെ മഞ്ജുനാഥ ഗൗഡ എന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

പരാതിപ്രകാരം, ധർമ്മസ്ഥല കൂട്ടക്കൊലപാതക കേസിൽ മഞ്ജുനാഥ ഗൗഡ പരാതിക്കാരനെ സമീപിച്ച് കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ധർമ്മസ്ഥല സ്റ്റേഷനിൽ നൽകിയ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടതിന് പുറമെ, പരാതിക്കാരൻ കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് വ്യാജമായി പ്രചരിപ്പിച്ചതായും അഭിഭാഷക അനന്യ ഗൗഡ ആരോപിച്ചു.

ആഗസ്റ്റ് 1-ന് ബൽത്തങ്ങാടിയിലെ എസ്ഐടി ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. അടച്ചിട്ട മുറിയിൽ വച്ച് ഉദ്യോഗസ്ഥൻ സാക്ഷിയെ ഭീഷണിപ്പെടുത്തി, പരാതി തുടർന്നാൽ അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ കഴിയേണ്ടി വരുമെന്നും പറഞ്ഞുവെന്നാണ് ആരോപണം. കൂടാതെ, പരാതിക്കാരന്റെ മൊഴി മാറ്റി പറയിപ്പിച്ച് വീഡിയോയായി റെക്കോർഡ് ചെയ്തുവെന്നും പറയുന്നു.

എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തിലുള്ള സംഭവം നടന്നിട്ടില്ലെന്നും എസ്ഐടി ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ധർമ്മസ്ഥല കൊലപാതക പരമ്പരയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഇന്ന് ഒമ്പത്, പത്ത് സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്ന് എസ്ഐടി അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ടെത്തിയ അസ്ഥികളുടെ ഫോറൻസിക് ഫലം ഉടൻ അന്വേഷണ സംഘത്തിന് കൈമാറും.

Tag: Dharmasthala murder series: Case filed against investigating officer for allegedly threatening complainant

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button