Latest NewsNationalNews

ധർമ്മസ്ഥല വെളിപ്പെടുത്തൽ: തലയോട്ടി പരിശോധനയ്‌ക്ക് ശേഷം അന്വേഷണം വേഗം പിടിക്കും

കർണാടകയിലെ ധർമ്മസ്ഥല വെളിപ്പെടുത്തലിനെ തടർന്ന് അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ, പ്രത്യേക അന്വേഷണസംഘം (എസ്ഐടി) തെളിവുകൾ ശേഖരിക്കും. ശുചീകരണ തൊഴിലാളി കൈമാറിയ തലയോട്ടി വിശദമായ പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം അനുസരിച്ചായിരിക്കും അന്വേഷണത്തിന്റെ അടുത്ത ഘട്ടങ്ങൾ. തലയോട്ടി കണ്ടെത്തിയ സ്ഥലത്ത് നാളെ മണ്ണ് കുഴിച്ച് പരിശോധന നടത്തുമെന്നും എസ്ഐടി അറിയിച്ചു. മുൻ തൊഴിലാളി നൽകിയ മൊഴിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടിടങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. അദ്ദേഹം വ്യക്തമാക്കിയ സ്ഥലങ്ങൾ അന്വേഷണ സംഘം അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ എട്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് തൊഴിലാളിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും തലയോട്ടിയും മൃതദേഹങ്ങൾ അടക്കം ചെയ്തതായി പറഞ്ഞ സ്ഥലങ്ങളും സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. “മൃതദേഹങ്ങൾ ആരാണ് കൊണ്ടുവന്നത്? ഏത് വാഹനത്തിലാണ് എത്തിച്ചത്? ആരാണ് സ്ഥലങ്ങൾ കാട്ടിത്തന്നത്?” തുടങ്ങിയ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായി മറുപടി നൽകിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

രഹസ്യ മൊഴിയിൽ തൊഴിലാളി ഉറച്ചു നിൽക്കുന്നുവെന്നാണ് വിവരം. അന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാളെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ മംഗളുരുവിൽ തന്നെയായിരിക്കും ചോദ്യം ചെയ്യൽ.

തൊഴിലാളി നേരത്തേ നൽകിയ മൊഴിയിലുണ്ടായിരുന്ന മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലത്ത് അടയാളങ്ങൾ വെച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലും അന്വേഷണത്തെ കൂടുതൽ ഗൗരവത്തിലാക്കി. ഈ സ്ഥലങ്ങളിൽ നിന്നും കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിക്കും.

ഇതിനിടെ, പഴയ മിസ്സിങ് കേസുകളുമായി ബന്ധപ്പെട്ട രേഖകളും എസ്ഐടി ശേഖരിച്ചുവരികയാണ്. കാണാതായവരുടെ കേസുകളും ധർമ്മസ്ഥല വെളിപ്പെടുത്തലുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സമാന്തര അന്വേഷണം പുരോഗമിക്കുന്നുണ്ട്. തലയോട്ടിയുടെ പരിശോധനാഫലം പുറത്ത് വരുമ്പോൾ കേസിന്റെ ദിശയും കൂടുതൽ വ്യക്തമായേക്കും.

Tag: Dharmasthala revelation: Investigation will speed up after skull examination

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button