Sports

ധോണിക്കും രക്ഷിക്കാനായില്ല; ചെന്നൈക്ക് 7 റൺസ് തോൽവി


വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ചെന്നെെ സൂപ്പർ കിങ്ങ്സിന് ഇത്തവണയും കാലിടറി സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പർ കിങ്സിന് ഏഴു റൺസ് തോൽവി.ഹൈദരാബാദ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ. രവീന്ദ്ര ജഡേജയും എം.എസ് ധോനിയും പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
35 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 50 റൺസെടുത്ത രവീന്ദ്ര ജഡേജ 18-ാം ഓവറിൽ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. ധോനിക്കൊപ്പം അഞ്ചാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ജഡേജ പുറത്തായത്.
36 പന്തിൽ നിന്ന് 47 റൺസെടുത്ത ധോനി അവസാനം വരെ പൊരുതി നോക്കിയെങ്കിലും വിജയം ഏഴു റൺസ് അകലെ കൈവിട്ടു. സാം കറൻ അഞ്ചു പന്തിൽ നിന്ന് 15 റൺസെടുത്തു.


165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ നാലിൽ നിൽക്കെ ഷെയ്ൻ വാട്ട്സണെ (1) ഭുവനേശ്വർ കുമാർ പുറത്താക്കി. പിന്നാലെ ആദ്യ മത്സരത്തിലെ താരം അമ്പാട്ടി റായുഡു എട്ടു റൺസുമായി മടങ്ങി. നന്നായി കളിച്ചു വന്ന റൺസെടുത്ത ഫാഫ് ഡുപ്ലെസി (22) കൂടി പുറത്തായതോടെ ചെന്നൈ കടുത്ത പ്രതിരോധത്തിലായി. അനാവശ്യ റണ്ണിനായി ഓടി റണ്ണൗട്ടാവുകയായിരുന്നു. ഹൈദ്രാബാദ് ബൗളർമാർ റൺസ് കൊടുക്കുന്നതിൽ പിശക് കാട്ടിയതോടെ ഫോറും സിക്സും വിരളമായി. റാഷിദ് ഘാൻ നാലോവറിൽ 12 റൺസ് മാത്രമാണ് വഴങ്ങിയത്. മൂന്നു റൺസുമായി കേദാർ ജാദവും മടങ്ങിയ ശേഷമായിരുന്നു ധോനി – ജഡേജ കൂട്ടുകെട്ട്. പതിഞ്ഞ താളത്തിൽ തുടങ്ങിയ കൂട്ടുകെട്ട് ടീമിന് വിജയപ്രതിക്ഷ നൽകിയിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തിരുന്നു.


യുവതാരങ്ങളായ പ്രിയം ഗാർഗ് – അഭിഷേക് ശർമ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മാന്യമായ സ്കോറിലെത്തിച്ചത്. 12-ാം ഓവറിൽ ഒന്നിച്ച ഈ സഖ്യം 77 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്.22 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ പ്രിയം ഗാർഗ് 26 പന്തുകൾ നേരിട്ട് ഒരു സിക്സും ആറു ഫോറുമടക്കം 51 റൺസോടെ പുറത്താകാതെ നിന്നു. താരത്തിന്റെ ആദ്യ ഐ.പി.എൽ അർധ സെഞ്ചുറിയാണിത്. 24 പന്തുകൾ നേരിട്ട അഭിഷേക് ശർമ ഒരു സിക്സും നാലു ഫോറുമടക്കം 31 റൺസെടുത്തു. രണ്ടു തവണയാണ് മത്സരത്തിൽ ചെന്നൈ ഫീൽഡർമാർ അഭിഷേകിന്റെ ക്യാച്ച് വിട്ടുകളഞ്ഞത്. ശനിയാഴ്ച്ച രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും , രണ്ടാം മത്സരത്തിൽ കൊൽക്കത്ത ഡൽഹിയെയും നേരിടും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button