മുംബൈ: ബോളിവഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സമീര്‍ വാങ്കഡെയ്‌ക്കെതിരെ നിരന്തരം ആരോപണവുമായി എത്തുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ മാനനഷ്ടക്കേസ് നല്‍കി ധ്യാന്‍ദേവ് വാങ്കഡെ. എന്‍സിബി സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയുടെ പിതാവാണ് ധ്യാന്‍ദേവ് വാങ്കഡെ. അഭിഭാഷകനായ അര്‍ഷാദ് ഷെയ്ഖ് മുഖാന്തിരം 1.25 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ധ്യാന്‍ദേവ് മുംബൈ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
അവധി സമയമായതിനാലാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതിയുടെ അനുമതി തേടിയത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നവാബ് മാലിക്ക് നിരന്തരം പ്രസ്താവന നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയിരിക്കുന്നത്. സമീര്‍ വാങ്കഡെയ്ക്കും കുടുംബത്തിനുമെതിരെ എഴുത്തിലൂടെയോ വാക്കാലോ പ്രസ്താവന നടത്തുന്നതില്‍ നിന്നും നവാബ് മാലിക്കിനെയും എന്‍സിപി നേതാക്കളെയും വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തന്റെ മകളും സമീര്‍ വാങ്കഡെയുടെ സഹോദരിയുമായ യാസ്മിന്റെ അഭിഭാഷക ജോലി പോലും മാലിക്കും അനുയായികളും ഇല്ലാതാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെയും ലഹരി കേസില്‍ സമീര്‍ വാങ്കഡെ പിടികൂടിയിരുന്നു. ഇതിന്റെ വിരോധമാണ് മന്ത്രിയുടെ ആക്രമണത്തിന് പിന്നിലെന്നാണ് ധ്യാന്‍ദേവ് വാങ്കഡെ ചൂണ്ടിക്കാട്ടുന്നത്. സമീര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ജോലി നേടിയതെന്നും മതപരിവര്‍ത്തനം നടത്തിയെന്നും ഉള്‍പ്പെടെയുളള ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. ഇതെല്ലാം സമീര്‍ വാങ്കഡെയും കുടുംബവും നിഷേധിച്ചിരുന്നു.