ഇന്ത്യയിലെ വൈദ്യുതി പ്രതിസന്ധി അന്താരാഷ്ട്ര മാധ്യമങ്ങളുടെ സൃഷ്ടി
ന്യൂഡല്‍ഹി: പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഇന്ത്യയോടുള്ള വിരോധം തീരുന്നില്ല. വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന ചൈനയുമായി താരതമ്യപ്പെടുത്തി ഇന്ത്യയിലും പ്രതിസന്ധിയെന്നു വരുത്തിത്തീര്‍ക്കാനാണ് പാശ്ചാത്യര്‍ ശ്രമിക്കുന്നത്. യൂറോപ്പിലാകമാനം അടുത്ത നാളുകളില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ പ്രത്യേകിച്ച് ഗ്യാസ് ക്ഷാമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാലാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ ഇല്ലാത്ത പ്രതിസന്ധി ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നതെന്നാണ് കരുതുന്നത്.
ചില മാധ്യമങ്ങള്‍ ചൈനയുമായി താരതമ്യം ചെയ്ത് ഇന്ത്യയില്‍ വൈദ്യുതി പ്രതിസന്ധിയുടെ ആഘാതം ഉണ്ടാക്കിയെടുക്കാനും ശ്രമിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉടലെടുത്തിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ ക്ഷാമം ബ്രിട്ടനില്‍ രൂക്ഷമാണ്. ഇതൊന്നുമില്ലാതെ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയെ മറികടന്ന് ആഭ്യന്തര ഉത്പാദനത്തിലും സാമ്പത്തിക രംഗത്തും ഇന്ത്യ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇതുകൊണ്ടെല്ലാം പ്രകോപിതരായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്ത പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്.
ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൈനാഷ്യല്‍ ടൈംസ് എന്ന പത്രത്തിന്റെ കല്‍ക്കരി പ്രതിസന്ധിയെക്കുറിച്ചുള്ള തലക്കെട്ട്- ആഗോള വളര്‍ച്ചയെക്കുറിച്ചുള്ള ഉല്ക്കണ്ഠയുണര്ത്തി ചൈനയിലും ഇന്ത്യയിലും വൈദ്യുതപ്രതിസന്ധി എന്നാണ്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഒക്ടോബര്‍ മൂന്നിന് ഇന്ത്യയില്‍ നാല് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ഉണ്ടായിരുന്നു. ബിബിസിയാകട്ടെ ഇന്ത്യ അസാധാരണ വൈദ്യുതി പ്രതിസന്ധിയുടെ വക്കത്തെത്തിയത് എന്തുകൊണ്ട്? എന്ന ചോദ്യത്തോടെയായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. കല്‍ക്കരി ശേഖരം കുറഞ്ഞതിനാല്‍, വൈദ്യുതക്ഷാമ പ്രതിസന്ധി അഭിമുഖീകരിച്ച് ഇന്ത്യ എന്നായിരുന്നു തലക്കെട്ടായി നല്‍കിയത്.
കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വൈദ്യുതി ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം ഉത്സവസീസണും തുടങ്ങി. ഇതിനെല്ലാം വൈദ്യുതി കൂടുതലായി വേണ്ടിവരും. ഇതെല്ലാം മുന്നില്‍ക്കണ്ട് കോള്‍ ഇന്ത്യ ഉത്പാദനം വര്‍ധിപ്പിക്കുകയാണ്. ചൈനയില്‍ മാത്രമല്ല ഇന്ത്യയിലും പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും പാശ്ചാത്യരുടെ മുന്നില്‍ ഇന്ത്യയെ ഇകഴ്ത്താനുമാണ് ഇത്തരം വാര്‍ത്തകള്‍ ചെയ്തതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.