പ്രസംഗത്തിനിടെ നാടകീയമായി രാജി പ്രഖ്യാപിച്ച് ദിനേശ് ത്രിവേദി; ബിജെപിയിലേക്കെന്ന് സൂചന

ന്യൂ ഡെൽഹി: തൃണമൂല്‍ കോൺഗ്രസ് എംപിയും മുന്‍ റെയില്‍വേ മന്ത്രിയുമായ ദിനേഷ് ത്രിവേദി എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭയിലെ പ്രസംഗത്തിനിടെ നാടകീയമായാണ് രാജി പ്രഖ്യാപിച്ച മന്ത്രി മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ബി.ജെ.പിയിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് സൂചന.
തന്റെ സംസ്ഥാനമായ പശ്ചിമബംഗാളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്നും അതിനെക്കുറിച്ച് സഭയില്‍ പരാമര്‍ശിക്കാന്‍ സാധിക്കുന്നില്ലെന്നും ത്രിവേദി രാജി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. തന്നെ രാജ്യസഭയിലേക്കയച്ച പാര്‍ട്ടിയോട് നന്ദിയുണ്ടെന്ന് പറഞ്ഞ ത്രിവേദി തന്റെ സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ ബുദ്ധിമുട്ടുണെന്നു അതിനാൽ രാജിവെക്കാനാണ് തന്റെ മനസാക്ഷി തന്നോട് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. രാജിവെച്ചാല്‍ തന്റെ നാട്ടുകാരെ സ്വതന്ത്രമായി സേവിക്കാന്‍ സാധിക്കും-ത്രിവേദി പറഞ്ഞു.
മമമതയുമായി കുറച്ചു നാളുകളായി അകല്‍ച്ചയിലാണ് ത്രിവേദി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ത്രിവേദി കഴിഞ്ഞവർഷമാണ് രാജ്യസഭയിലെത്തിയത്.