പണവും എവിടെ ചെന്നാലും ജോലി ലഭിക്കാനും തക്കതായ കഴിവുള്ള കഥാപാത്രമാണത്: എന്നാൽ ഇതൊന്നുമില്ലാത്ത ആളായിരുന്നെങ്കിലോ? ഒന്നുകൂടി എടുക്കാൻ അവസരം കിട്ടിയാൽ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ അങ്ങനെയാരു മാറ്റം കൊണ്ടുവരുമായിരുന്നു ; ജിയോ ബേബി പറയുന്നു

മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. അതേസമയം നിരവധി വിമർശനങ്ങളും സിനിമയ്‌ക്കെതിരെ ഉയർന്നിരുന്നു. എങ്കിലും അടുക്കള പ്രമേയമായി എടുത്ത ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു.
ഒരു തവണ കൂടി ഈ ചിത്രം എടുക്കാൻ ഒരു അവസരം ലഭിച്ചിരുന്നെങ്കിൽ എന്തുമാറ്റമാവും ചിത്രത്തിൽ കൊണ്ടുവരാൻ കഴിയുക എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകൻ ജിയോ ബേബി. അത് മറ്റൊന്നുമല്ല ചിത്രത്തിൽ നിമിഷ സജയൻ ചെയ്ത കഥാപാത്രത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ മാറ്റം കൊണ്ടുവരാൻ താൻ തയ്യാറാകുമായിരുന്നെന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിയോ ബേബി പ്രതികരിച്ചിരിക്കുന്നത്.
‘ധൈര്യത്തോടെ ഇറങ്ങിപ്പോകാൻ പറ്റുന്ന അന്തരീക്ഷമുള്ളയാളാണ് എന്റെ ചിത്രത്തിലെ നായിക. പണവും എവിടെ ചെന്നാലും ജോലി ലഭിക്കാനും തക്കതായ കഴിവുമുണ്ട്. ഇതുരണ്ടുമില്ലാത്ത ഒരു പെൺകുട്ടിയാണെങ്കിൽ അവൾ എന്തുചെയ്യുമെന്ന് ഓർത്തു നോക്കൂ. അങ്ങനെയുള്ളവർ ഇപ്പോഴും ഏതോ അടുക്കളയിൽ കിടന്ന് കിച്ചൺ സിങ്കിലെ വേസ്റ്റ് വെള്ളം കോരുന്നുണ്ടാകും’, ജിയോ ബേബി പറഞ്ഞു.
ചിത്രത്തിൽ ഫോർ പ്ലേ പോലെയുള്ള വാക്കുകൾ മന:പൂർവം ഉൾപ്പെടുത്തിയതാണോ എന്ന ചോദ്യത്തിന് തീർച്ചയായും അതെ എന്നായിരുന്നു ജിയോയുടെ മറുപടി. നമ്മൾ കണ്ണുതുറന്ന് ചുറ്റുമൊന്ന് നോക്കിയാൽ മതി. നമ്മുടെ സമൂഹത്തിൽ എത്രപേർക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം കിട്ടുന്നുണ്ട്? എന്നെ വിളിക്കുന്ന പല പെൺകുട്ടികളും പറയുന്നുണ്ട്, ബെഡ് റൂം സീൻ ഉൾപ്പെടെ ഈ സിനിമ അവരുടെ കഥയാണ് എന്ന് ജിയോ പറയുന്നു.