Kerala NewsLatest NewsUncategorized

ഇരട്ടവോട്ട്: നടപടിക്ക് സമ്മർദം ചെലുത്താതെ എന്തുകൊണ്ട് ചിരിച്ചുതള്ളുന്നു- സനൽകുമാർ ശശിധരൻ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ടുകളുടെ പട്ടികയുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുകയാണ്. നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടർമാരുടെ പട്ടികയാണ് വെബ്‌സൈറ്റിലൂടെ കഴിഞ്ഞദിവസം പുറത്തുവിട്ടത്. എന്നാൽ ഇതിൽ ഇരട്ടസഹോദരങ്ങളടക്കം ഉൾപ്പെട്ടതായും ആക്ഷേപമുണ്ട്. എന്തായാലും ഇരട്ടവോട്ട് വിഷയം സാമൂഹികമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറി. ഇക്കാര്യത്തിൽ സംവിധായകൻ സനൽകുമാർ ശശിധരനും പ്രതികരണവുമായി രംഗത്തെത്തി.

വോട്ടർപട്ടികയിലെ ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവിനെ ഇടതുപക്ഷം നേരിടുന്നത് അദ്ദേഹത്തിന്റെ അമ്മയ്ക്കും ചില കോൺഗ്രസ് സ്ഥാനാർഥികൾക്കും ഇരട്ട വോട്ട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണെന്നും അങ്ങനെയായാൽ പോലും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ സമ്മർദം ചെലുത്തകയല്ലേ അവർ ചെയ്യേണ്ടതെന്നുമാണ് സനൽകുമാർ ശശിധരന്റെ ചോദ്യം. അതൊന്നും ചെയ്യാതെ എന്തുകൊണ്ടാണ് ഇത്ര ഗുരുതരമായ വിഷയത്തെ അവർ ചിരിച്ചുതള്ളുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

‘വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവിനെ ഭരണയിടതുപക്ഷം നേരിടുന്നത് അയാളുടെ അമ്മയ്ക്കും ഏതാനും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ഇരട്ട വോട്ട് ലിസ്റ്റിൽ ചൂണ്ടിക്കാട്ടിയാണ്. അങ്ങനെയായാൽ പോലും നടപടിയെടുക്കാൻ സമ്മർദ്ദം ചെലുത്തുകയല്ലേ അവർ ചെയ്യേണ്ടത്? എന്തുകൊണ്ട് അത് ചെയ്യാതെ ഇത്ര ഗുരുതരമായ വിഷയത്തെ അവർ ചിരിച്ചു തള്ളുന്നു? ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ കൂടുതൽ ആസൂത്രിതമായ ഒരു ജനവഞ്ചനയാണ് കാണാൻ കഴിയുന്നത്. ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ അയച്ച ഇന്നോവയുടെ പിന്നിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചപോലെ പിടിക്കപ്പെട്ടാൽ ചർച്ചകളെ വഴിമാറ്റി വിടാൻ ആസൂത്രിതമായി സംഗതികൾ പ്ലാന്റ് ചെയ്യുന്നത് ഒരു തുടർക്കഥയാണ്. വോട്ടർ പട്ടികയിലെ ക്രമക്കേടിനെ എത്ര ലാഘവത്വത്തോടെ ചെന്നിത്തലയുടെ അമ്മയുടെ വോട്ട് പറഞ്ഞു ചിരിച്ചുതള്ളുന്നു എന്ന് നോക്കുക. കള്ളവോട്ട് നടത്തിയാലും ഇലക്ഷൻ അട്ടിമറിച്ചായാലും ഭരണത്തിൽ തിരിച്ചെത്തിയാൽ മതിയെന്ന് വിശ്വസിക്കുന്ന പാർട്ടിഭക്തന്മാർക്കൊപ്പമാണോ ഇടതുപക്ഷത്തുള്ള എല്ലാവരും എന്നറിയാൻ വലിയ കൗതുകമുണ്ട്’.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button