വനിത മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള കമ്മിറ്റി അംഗങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായം
തിരുവനന്തപുരം: കേരളത്തിലെ വനിത മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനുള്ള കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആരോപണവിധേയരെ എന്ന് ആരോപണം. 2017ല്‍ സുഗതകുമാരി ടീച്ചറുടെ അധ്യക്ഷതയില്‍ ആണ് വനിത മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. അന്ന് എംഎല്‍എ ആയിരുന്ന വീണ ജോര്‍ജ് കമ്മിറ്റി അംഗമായിരുന്നു.
2020 ഡിസംബര്‍ 23ന് സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു. അതിനുശേഷം ഒരു വര്‍ഷത്തോളമെടുത്താണ് കഴിഞ്ഞദിവസം ഈ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. അനുപമയുടെ കുഞ്ഞിന്റെ വിഷയത്തില്‍ അനുപമയുടെ ഭര്‍ത്താവ് അജിത്തിനെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ അഭിഭാഷക ഗീനകുമാരി, അധ്യാപക യോഗ്യതയില്ല എന്ന ആരോപണം നേരിടുന്ന എം.എസ്. ശ്രീകല എന്നിവരാണ് പുനഃസംഘടന നടന്നതിനുശേഷമുള്ള അംഗങ്ങള്‍. പബ്ലിക് പ്രോസിക്യൂട്ടറായ ഗീന കുമാരി തന്നെ കണ്ടെയ്ന്മെന്റ് സോണായ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി എന്നായിരുന്നു അജിത്തിന്റെ ആരോപണം.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ അധ്യാപക യോഗ്യതയില്ലാത്ത മാധ്യമ പ്രവര്‍ത്തക എം.എസ്. ശ്രീകലയെ ഉള്‍പ്പെടുത്തിയെന്നും യോഗ്യതയുള്ള തന്നെ തഴഞ്ഞും എന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകനായ അജി കെ.എം എന്നയാള്‍ രംഗത്ത് വന്നിരുന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് ഇവരെ ഉള്‍പ്പെടുത്തിയരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. ആരോഗ്യമന്ത്രിയായതിനെ തുടര്‍ന്ന് പുനഃസംഘടിപ്പിച്ച കമ്മിറ്റിയില്‍ നിന്ന് വീണ ജോര്‍ജിനെ ഒഴിവാക്കിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റിട്ട. പ്രൊഫ. ഖദീജ മുംതാസ് ആണ് കമ്മിറ്റി അധ്യക്ഷ. ഗിന കുമാരി, ശ്രീകല എന്നിവരെ കൂടാതെ സരിത വര്‍മ, ശാന്തി, സരസ്വതി നടരാജന്‍, പബ്ലിക് റിലേഷന്‍ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. മുന്‍ കമ്മിറ്റികള്‍ സര്‍ക്കാരിന് വിഷയങ്ങള്‍ പഠിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. പുനഃസംഘടിപ്പിച്ച കമ്മിറ്റി ഉത്തരവിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയ പരിധി പറയുന്നില്ല.