അനധികൃത സ്വത്ത് സമ്പാദനക്കേസ്; എം.ആർ. അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ട് തള്ളി
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി. ക്ലീൻചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സ്പെഷ്യൽ വിജിലൻസ് കോടതി തള്ളിക്കളഞ്ഞു. പരാതിക്കാരൻ നാഗരാജിന്റെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തും. വീട് നിർമാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണക്കടത്ത് എന്നിവയിൽ അജിത് കുമാർ അഴിമതി നടത്തിയതായി തെളിവുകളില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തൽ. മുൻ എംഎൽഎ പി.വി. അൻവർ വിഷയം ഉന്നയിച്ചിരുന്നു.
1994 മുതൽ 2025 വരെ അജിത് കുമാറിന്റെ വാർഷിക ആസ്തി സ്റ്റേറ്റ്‌മെന്റും ഇൻകം ടാക്സ് റിട്ടേണുകളും ശേഖരിക്കാതെ നടത്തിയ അന്വേഷണം പ്രഹസനമാണെന്ന് നാഗരാജ് ആരോപിച്ചു. വീട്, ഫ്ലാറ്റ് എന്നിവ റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുക്കാതിരിക്കുകയും സ്വർണം, വെള്ളി, വജ്രം തുടങ്ങിയ വസ്തുവകകൾ പരിശോധനയ്‌ക്ക് വിധേയമാക്കാതിരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. റവന്യൂ, പിഡബ്ല്യുഡി അധികൃതരുടെ നേതൃത്വത്തിലുള്ള മൂല്യനിർണ്ണയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയില്ല. ബാങ്ക് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, ലോക്കറുകൾ തുടങ്ങിയവ പരിശോധിച്ചില്ല.
സ്ഥാവര-ജംഗമ സ്വത്ത് വാങ്ങൽ, വിൽപ്പന എന്നിവയ്ക്കുള്ള അനുമതി ഉത്തരവുകൾ ഹാജരാക്കിയില്ല. രജിസ്ട്രേഷൻ ഐജിയേയും ലാൻഡ് റവന്യൂ കമ്മീഷണറെയും സമീപിച്ച് മറച്ചു വച്ച ആസ്തികൾ കണ്ടെത്താനുള്ള ശ്രമം നടത്തിയില്ല. മൊബൈൽ ഫോൺ കോൾ ഡീറ്റെയിൽസും ടവർ ലൊക്കേഷൻ വിവരങ്ങളും ശേഖരിച്ചില്ല. നിയമാനുസൃത വരുമാനത്തേക്കാൾ കൂടുതലായി സമ്പാദിച്ച സ്വത്ത് വിലയിരുത്തിയിട്ടില്ല. മലപ്പുറം എസ്.പി. ഓഫീസിൽ നിന്ന് കടത്തിയ തേക്കു മരത്തടികൾ കണ്ടെത്താനായില്ല.
കവടിയാർ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ ചെലവ് 3.58 കോടി രൂപയാണെന്ന് വഞ്ചിയൂർ എസ്.ബി.ഐ. ഹോം ലോൺ ചീഫ് മാനേജർ പ്രസാന്ത് കുമാർ നൽകിയ മൊഴിയും അവഗണിച്ചുവെന്നാണ് ആരോപണം.
കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിൽ മലപ്പുറം എസ്.പി. സുജിത് ദാസ് പങ്കാളിയായെന്നും, അതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചുവെന്നുമായിരുന്നു അൻവർ ആരോപിച്ചത്. എന്നാൽ, ഇത് പൂർണമായും തെറ്റാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
Tag: Disproportionate wealth case; Report giving clean chit to MR Ajith Kumar rejected