എയിംസ് വിഷയത്തിൽ ബിജെപിയിൽ തർക്കം ; സുരേഷ് ഗോപിയുടെ നിലപാട് ബിജെപിക്ക് ഇല്ല
ബിജെപിയല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്

തിരുവനന്തപുരം: എയിംസ് വിഷയത്തിൽ ബിജെപിയിൽ തർക്കം തുടരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് രംഗത്തെത്തി. എയിംസ് ഏത് ജില്ലയിൽ ആണെങ്കിലും സ്വാഗതം ചെയ്യുന്നു എന്നായിരുന്നു എം ടി രമേശിന്റെ പ്രതികരണം. തൃശ്ശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കിൽ തമിഴ്‌നാട്ടിലേക്ക് പോയിക്കോട്ടെ എന്ന സുരേഷ് ഗോപിയുടെ നിലപാട് ബിജെപിക്ക് ഇല്ലെന്നും എം ടി രമേശ് വ്യക്തമാക്കി.
എയിംസ് എവിടെ വേണമെന്ന് ബിജെപി തീരുമാനിച്ചിട്ടില്ലെന്നാണ് വി മുരളീധരൻ പറഞ്ഞത്. ഓരോ സ്ഥലത്തും എയിംസ് വേണമെന്ന് എല്ലാവർക്കും ആവശ്യപ്പെടാം. ബിജെപിയല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കേന്ദ്ര – സംസ്ഥാന സർക്കാരുകളാണെന്നും വി മുരളീധരൻ പറഞ്ഞു. എയിംസ് ആലപ്പുഴയിൽ വേണമെന്ന ആവശ്യമാണ് സുരേഷ് ഗോപി ആവർത്തിക്കുന്നത്. എന്നാൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി എംയിംസ് വിഷയത്തിൽ പ്രതികരണം നടത്തുന്ന സുരേഷ് ഗോപിക്കെതിരെ പാർട്ടിക്കുള്ളിലും കടുത്ത അവമതിപ്പുണ്ട്.
എന്നാൽ എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സിപിഐഎം രംഗത്തെത്തി. കേന്ദ്ര ആരോഗ്യവകുപ്പുമായി ബന്ധമില്ലാത്ത ഒരു സഹമന്ത്രിയായ സുരേഷ് ഗോപി എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്നും സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് നൽകിയില്ലെങ്കിൽ തമിഴ്‌നാടിന് കൊടുക്കുമെന്നും ഭീഷണി മുഴക്കുകയാണെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ആരോപിച്ചു. സുരേഷ് ഗോപിയുടെ പ്രസ്താവന ശുദ്ധ വിവരദോഷമാണെന്നാണ് സിപിഐ വിമർശനം.
സുരേഷ് ഗോപിയുടെ പരാമർശം അദ്ദേഹത്തിന്റെ പതിവു വിഡ്ഢിവേഷം കെട്ടലായി മാറുകയാണെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ കുറ്റപ്പെടുത്തി. സുരേഷ് ഗോപി ആലപ്പുഴയുടെ വ്യവസായരംഗത്തെക്കുറിച്ചു നടത്തിയ പ്രസ്താവന അനുചിതവും അറിവില്ലായ്മയുമാണെന്ന് സിപിഐ ജില്ലാ കമ്മിറ്റി വിലയിരുത്തി.
Dispute in BJP regarding the AIMS issue; Suresh Gopie’s stance is not for the BJP.