NationalNews

അധിക ക്യാബിൻ ലഗേജുമായി ബന്ധപ്പെട്ട തർക്കം; സൈനിക ഉദ്യോഗസ്ഥൻ വിമാന ജീവനക്കാരെ മർദിച്ചതായി പരാതി

അധിക ക്യാബിൻ ലഗേജുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സൈനിക ഉദ്യോഗസ്ഥൻ വിമാന ജീവനക്കാരെ മർദിച്ചതായി പരാതി. ശ്രീനഗർ വിമാനത്താവളത്തിലായിരുന്നു സംഭവം. ആക്രമണത്തിൽ നാല് സ്‌പൈസ്‌ജെറ്റ് ജീവനക്കാർക്ക് പരുക്കേറ്റു. നട്ടെല്ലും താടിയെല്ലും പൊട്ടിയ ജിവനക്കാരെ ആശുപത്രിയിൽ എത്തിച്ചു. ജീവനക്കാരുടേത് ഗുരുതര പരിക്കുകളാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

16 കിലോ ഭാരമുള്ള ക്യാബിൻ ബാഗേജുമായി എത്തിയ ഉദ്യോഗസ്ഥനോട്, അനുവദനീയമായ 7 കിലോ കവിയുന്നതിനാൽ അധിക ചാർജ് അടയ്ക്കണമെന്ന് വിമാന ജീവനക്കാർ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഉദ്യോഗസ്ഥൻ ജീവനക്കാരെ ഇടിക്കുകയും ക്യൂ സ്റ്റാൻഡ് ഉപയോഗിച്ച് ഒരാളെ ആക്രമിക്കുകയും ചെയ്തതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിആർപിഎഫ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണത്തിലായത്. ആക്രമണത്തിന് ശേഷം ഉദ്യോഗസ്ഥനെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിമാനക്കമ്പനി പരാതി നൽകി.

ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന ഉദ്യോഗസ്ഥൻ, അധിക ചാർജ് അടയ്ക്കാൻ വിസമ്മതിച്ചിരുന്നില്ല. ബോർഡിംഗ് നടപടികൾ പൂർത്തിയാക്കാതെ എയറോബ്രിഡ്ജിലേക്ക് ബലമായി കടന്നതും വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകളുടെ വ്യക്തമായ ലംഘനമാണെന്ന് സ്‌പൈസ്‌ജെറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ സൈന്യം സ്വതന്ത്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Tag: Dispute over excess cabin luggage; Army officer allegedly assaults flight crew

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button