പോളിയോ തുള്ളിമരുന്ന് വിതരണം 31 ന്

ന്യൂഡൽഹി/ രാജ്യത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ഈ മാസം 31 ന് നടക്കും. അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കുള്ള പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 16 നായിരുന്നു നേരത്തെ നടത്താൻ തീരുമാനിച്ചിരുന്നത്. ജനുവരി 16 ന് രാജ്യത്ത് കൊറോണ വാക്‌സിൻ വിതരണം ആരംഭിക്കുന്നതിനാൽ പോളിയോ തുള്ളി മരുന്ന് വിതരണം ജനുവരി 31 ലേക്ക് മാറ്റിയിരിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദായിരിക്കും ദേശീയ ഇമ്യൂണൈസേഷൻ പരിപാടിയ്ക്ക് തുടക്കം കുറിക്കുന്നത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് നാഷണൽ ഇമ്യൂണൈസേഷൻ ദിനം 31 ലേക്ക് മാറ്റാൻ തീരുമാനിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ വിതരണണത്തിനാണ് ശനിയാഴ്ച്ച ഇന്ത്യയിൽ തുടക്കം കുറിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.