മതഗ്രന്ഥ വിതരണം: സര്‍ക്കാറിനോട് കസ്റ്റംസ് വിശദീകരണം തേടി.

യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള മതഗ്രന്ഥം വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് കസ്റ്റംസ് വിശദീകരണം തേടി.
യു.എ.ഇയില്‍ നിന്നെത്തിയ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസർക്ക് സമന്‍സ് അയക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ യു.എ.ഇയില്‍ നിന്ന് സ്വപ്‌നയും അവരുമായി ബന്ധപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ എത്ര തവണ പാര്‍സലുകള്‍ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കാനാണ് മുഖ്യമായും ആവശ്യപ്പെട്ടിട്ടുള്ളത്.
കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച വിശദീകരണം തേടിയത്. നയതന്ത്ര ബാഗേജ് വഴി വരുന്നത് ക്ലിയറന്‍സിന് വേണ്ടി സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ കൌണ്ടര്‍ സൈന്‍ ചെയ്യണം. ഇത്തരത്തില്‍ മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ടോ, എത്ര തവണ വന്നു എന്നാണ് കസ്റ്റംസ് ചോദിച്ചിരിക്കുന്നത്. അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ നല്‍കിയിട്ടുണ്ടോ? ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടോ? പാര്‍സലുകള്‍ കൈപ്പറ്റുന്നതിന് പ്രത്യേക അപേക്ഷ ഫോറം സ്വീകരിച്ചിരുന്നോ ഉണ്ടെങ്കില്‍ ഡിജിറ്റല്‍ ഒപ്പ് സഹിതം കൈമാറണം എന്നാണ് നിര്‍ദേശം. നോട്ടീസില്‍ 20നകം കസ്റ്റംസിന് വിശദീകരണം നല്‍കണം. യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ ലഭിച്ചിരുന്നുവെന്ന് മന്ത്രി കെ ടി ജലീല്‍ സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് കസ്റ്റംസ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്.
അതേസമയം, പ്രതികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ നല്‍കാത്തതില്‍ ബി.എസ്.എന്‍.എല്ലിനും കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
സ്വപ്‌നയും മറ്റു പ്രതികളും സ്വര്‍ണക്കടത്ത് വ്യവസായം പോലെയാണ് കൊണ്ടുനടന്നതെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ട്. സ്വപ്‌നയടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ നൽകിയ റിപ്പോർട്ടിലാണ് കസ്റ്റംസ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.