keralaKerala NewsLatest News

ജില്ലാ കളക്ടർ ഉറപ്പ് നൽകി ;അടിമാലി മണ്ണിടിച്ചിൽ വീട് നഷ്ടപ്പെട്ട ദുരിതബാധിതർ പ്രതിഷേധം അവസാനിപ്പിച്ചു

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ദുരിതബാധിതർ പ്രതിഷേധം അവസാനിപ്പിച്ചു. ദുരിതബാധിതരായ 30 കുടുംബങ്ങൾക്ക് ഭൂമിയും പുനരധിവാസവും ഉറപ്പുനൽകുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം പിന്‍വലിച്ചത്. കളക്ടർ നേരിട്ടെത്തി പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ധാരണയായത്.

അടിമാലിയിൽ നടന്നത് മനുഷ്യനിർമിത ദുരന്തമാണ് എന്നും, നിലവിൽ നിയമനടപടികളേക്കാൾ പുനരധിവാസത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. വാടകവീടുകൾ ഒരുക്കുന്നതുവരെ ദുരിതബാധിതർക്കായി അടിമാലി എം.ബി. കോളേജിൽ താൽക്കാലിക താമസസൗകര്യം ഒരുക്കും. മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് കാലുമുറിച്ചുമാറ്റേണ്ടിവന്ന സന്ധ്യയുടെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ കൈമാറിയതായി കളക്ടർ അറിയിച്ചു. “സന്ധ്യയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സന്ധ്യയുടെ മുഴുവൻ ചികിത്സാചെലവുകളും നടൻ മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നു. അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും, ഇടതു കാൽ നഷ്ടപ്പെടുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. ഇതിന് മുമ്പ് കാൻസർ മൂലം മകൻ മരണപ്പെട്ടിരുന്നു. ഇപ്പോൾ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ മകളാണ് ഏക ആശ്രയം.

സന്ധ്യയുടെ ബന്ധുക്കൾ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനോട് സഹായം തേടിയതിനെ തുടർന്നു, മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും, ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

Tag: District Collector assures; Adimali landslide victims end protest

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button