ജില്ല ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്: സീനിയര്‍ അക്കൗണ്ടന്റ് പിടിയില്‍
കണ്ണൂര്‍: ജില്ല ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സീനിയര്‍ അക്കൗണ്ടന്റ് പിടിയിലായി. കൊറ്റാളി സ്വദേശി നിധിന്‍രാജാണ് പിടിയിലായത്. കഴിഞ്ഞദിവസം ജില്ല ട്രഷറിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നിധിന്‍രാജിനെ പിടികൂടിയത്.
വിവിധ ഇടപാടുകളിലായി മൂന്നരലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. നേരത്തെ ഒരു സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സീനിയര്‍ അക്കൗണ്ടന്റിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച വിജിലന്‍സ് പരിശോധന നടത്തിയത്.
ഈ പരിശോധനയില്‍ കൂടുതല്‍ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തുകയായിരുന്നു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തിരിമറികളാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ദുരിതാശ്വാസപദ്ധതികളുടെ ഫണ്ട് വിതരണത്തിലും തിരിമറികള്‍ നടന്നിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.