ദീപാവലി ബോണസ് കുറഞ്ഞുപോയി: ജീവനക്കാർ ടോൾ ഗേറ്റുകൾ തുറന്നിട്ടു പ്രതിഷേധിച്ചു; ആയിരക്കണക്കിന് വാഹനങ്ങൾക്ക് സൗജന്യ യാത്ര

ഉത്തർപ്രദേശിലെ ഫത്തേഹാബാദിലെ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിൽ ദീപാവലി ദിനത്തിൽ ടോൾ പ്ലാസ ജീവനക്കാരുടെ പ്രതിഷേധം അരങ്ങേറി. ദീപാവലി ബോണസ് കുറഞ്ഞുപോയതിനെ തുടർന്നാണ് ജീവനക്കാർ ടോൾ പ്ലാസയുടെ എല്ലാ ഗേറ്റുകളും തുറന്നിട്ട് പ്രതിഷേധിച്ചത്. ഇതോടെ മണിക്കൂറുകളോളം ആയിരക്കണക്കിന് വാഹനങ്ങൾ ടോൾ നൽകേണ്ടിവന്നില്ല.
ശ്രീ സൈൻ & ഡാറ്റാർ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഫത്തേഹാബാദ് ടോൾ പ്ലാസയിലാണ് സംഭവം. ടോൾ പ്ലാസയിലെ 21 ജീവനക്കാർക്ക് ദീപാവലി ബോണസായി കമ്പനി പ്രഖ്യാപിച്ചത് വെറും 1,100 രൂപ മാത്രമായിരുന്നു. ഇതാണ് ദീപാവലി ദിനത്തിൽ ജീവനക്കാരുടെ രോഷത്തിന് കാരണമായത്. ഈ വർഷം മാർച്ചിലാണ് കമ്പനി ടോൾ പ്ലാസ ഏറ്റെടുത്തത്. അതിനുശേഷം ജീവനക്കാരുടെ ശമ്പളത്തെയും ബോണസിനെയും ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു.
ഉയർന്ന ബോണസ് ആവശ്യപ്പെട്ട് തൊഴിലാളികൾ ജോലി നിർത്തിവയ്ക്കുകയും ടോൾ ഗേറ്റുകൾ തുറന്നിടുകയുമായിരുന്നു. പ്രതിഷേധം ശ്രദ്ധയിൽപ്പെട്ട കമ്പനി അധികൃതർ മറ്റ് ടോൾ പ്ലാസകളിൽ നിന്നുള്ള ജീവനക്കാരെ എത്തിച്ച് പ്രതിഷേധം നേരിടാൻ ശ്രമിച്ചു. എന്നാൽ, പ്രതിഷേധക്കാർ പുറത്തുനിന്നെത്തിയ ജീവനക്കാരെ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു.
തുടർന്ന് പോലീസെത്തി ജീവനക്കാരുമായി ചർച്ച നടത്തി. കമ്പനി തൊഴിലാളികൾക്ക് 10% ശമ്പള വർദ്ധനവ് പ്രഖ്യാപിക്കാമെന്ന് ചർച്ചയിൽ ധാരണയായിട്ടുണ്ട്. പ്രതിഷേധം നടന്ന ഏകദേശം രണ്ടു മണിക്കൂറോളം വാഹനങ്ങൾക്ക് ഈ വഴി ടോൾ ഫ്രീ യാത്ര ലഭിച്ചു.
Tag: Diwali bonus reduced: Employees protest by opening toll gates; free travel for thousands of vehicles