കൊവിഡ് കേസുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളം മുകളിലേക്ക്.

ന്യൂഡൽഹി: കൊവിഡ് കേസുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ കാര്യത്തിൽ കേരളം മുകളിലേക്ക്. ദേശീയതലത്തിൽ കൊവിഡ് കേസുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുമ്പോൾ വലിയ തോതിൽ ഇത് കേരളത്തിൽ ഉയരുകയാണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെ വന്നിരിക്കുകയാണ്. അതേസമയം, ദേശീയ ശരാശരിയെക്കാൾ ഏറെ കൂടുതലാണ് കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക്. ശനിയാഴ്ച 9,016 പുതിയ കേസുകൾ കണ്ടെത്തിയ കേരളത്തിൽ 52,067 സാംപിളുകളാണു പരിശോധിച്ചത്. പോസിറ്റിവിറ്റി നിരക്ക് 17.31 ശതമാനമാണ്. വെള്ളിയാഴ്ച 14 ശതമാനത്തിലേറെയായിരുന്നു ഇത്.
കർണാടകയിൽ ശനിയാഴ്ച കേരളത്തെക്കാൾ കുറവു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 7,184 പേർക്ക് അവിടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 3,371 കേസുകൾ ബംഗളൂരു അർബനിലാണ്. ഒരു ലക്ഷത്തിലേറെ ടെസ്റ്റുകൾ കർണാടകയിൽ ശനിയാഴ്ച നടത്തി. ഏഴു ശതമാനത്തിലേറെയാണ് കർണാടകയിലെ ശനിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആന്ധ്രപ്രദേശിൽ വീണ്ടും നാലായിരത്തിൽ താഴെയാണ് പ്രതിദിന വർധന. 5.19 ശതമാനം പോസിറ്റിവിറ്റി നിരക്കാണ് ഒരു സമയത്ത് വൻതോതിൽ രോഗവ്യാപനമുണ്ടായിരുന്ന ആന്ധ്രയിൽ ഇപ്പോൾ. ആന്ധ്രയിലെ ഇതുവരെയുള്ള കേസുകളും ടെസ്റ്റുകളും വച്ച് ഓവറോൾ പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിൽ ഏറെയാണ്. തമിഴ്നാട്ടിൽ ശനിയാഴ്ച കണ്ടെത്തിയത് 4,295 പുതിയ കേസുകളാണ്. അഞ്ചു ശതമാനത്തിൽ താഴെയാണ് തമിഴ്‌നാട്ടിലെ പോസിറ്റിവിറ്റി നിരക്ക്.