പേടിക്കണ്ട; തൽക്കാലം ഇനി ഫ്യൂസ് ഊരില്ല.

തിരഞ്ഞെടുപ്പ് പ്രമാണിച് ജനങ്ങൾക്ക് ഒരു ആശ്വാസ വാർത്ത. സമയ പരിധി കഴിഞ്ഞിട്ടും വൈദ്യുതി ബിൽ തുക അടയ്ക്കാത്ത സാഹച ര്യത്തിൽ ഉപഭോക്താക്കളുടെ ഫ്യൂസ് ഊരുന്ന നടപടി തൽക്കാല ത്തേക്ക് കെ എസ് ഇ ബി നിർത്തുന്നു.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പണമടയ്ക്കാത്തതിന്റെ പേരിൽ ആരുടെയും കണക്ഷനുകൾ വിച്ഛേദിക്കരുതെന്ന് മാനേജിംഗ് ഡയറക്ടർ വകുപ്പിന് കർശന നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹച ര്യത്തിൽ ജനങ്ങൾക്ക് അതൃപ്തി ഉണ്ടാക്കുന്ന കാര്യങ്ങൾ പൂർണമായും ഒഴിവാക്കണമെന്നാണ് സർക്കാർ തീരുമാനം. ഇതിനെ പിൻപറ്റിയാണ് പണമടയ്ക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കാൻ നേരത്തേ നൽകിയ ഉത്തരവ് മരവിപ്പിച്ചത്. ഡയറക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് സെക്ഷൻ ഓഫീസുകൾക്ക് അധികൃതർ ഉത്തരവ് നൽകി.
കെ എസ് ബിയിൽ ഇപ്പോൾ ഊർജിത പണപ്പിരിവിന്റെ കാലമാണ്. അതിലുള്ള തുടർ നടപടികൾ നിറുത്തവയ്ക്കാനും ഇനി നോട്ടീസ് നൽകേണ്ടെന്നും നിർദ്ദേശമുണ്ട്. ലോക്ക്ഡൗണിനുമുമ്പും അതിനു ശേഷവുമുളള കുടിശികകൾ എത്രയും പെട്ടെന്ന് പിരിച്ചെടുക്കാൻ ബോർഡ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് മാസം 500യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന കുടിശിക വരുത്തിയ ഗാർഹിക ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കാൻ നോട്ടീസ് നൽകിയിരുന്നു. ഈ നടപടിയും താൽക്കാലികമായി നിർത്തിവെക്കും.
അതേസമയം വൈദ്യുത മോഷണം ഉൾപ്പടെയുളള കേസുകൾ റിപ്പോർട്ടുചെയ്താൽ അത്തരക്കാരുടെ കണക്ഷൻ വിച്ഛേദിക്കുന്നതിന് തടസമില്ല.