തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തു; ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റം. വ്യാഴാഴ്ച രാത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്.
അടിപിടി കേസില്‍ ചികിത്സക്കെത്തിയ രണ്ടു പേരാണ് അക്രമികള്‍. വരി നില്‍ക്കാന്‍ തയാറാകാതിരുന്ന ഇവര്‍ ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു കൈയ്യേറ്റം. ഡോക്ടറുടെ കൈ പിടിച്ചു തിരിക്കാന്‍ അക്രമികള്‍ ശ്രമിക്കുകയായിരുന്നു.
തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ആക്രമിച്ചു. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് എത്തി കരിമഠം കോളനി റഷീദ് എന്നയാളെ അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ വള്ളക്കടവ് സ്വദേശി റഫീഖിനായി തിരച്ചില്‍ പുരോഗമിക്കുന്നു.
കൈക്ക് പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച കെ.ജി.എം.ഒ.എ, ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്കരിക്കുമെന്ന് അറിയിച്ചു. മന്ത്രി വി. ശിവന്‍കുട്ടി ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്ന ഡോക്ടറുമായി സംസാരിച്ചു.