വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതി മഹേഷ് അറസ്റ്റില്‍

ഡന്റല്‍ ക്ലിനിക് നടത്തിയിരുന്ന ഡോ. സോനയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മഹേഷ് അറസ്റ്റില്‍.മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകള്‍ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണ് ക്ലിനിക്കില്‍ കുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കി നില്‍ക്കെയാണ് സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ മരിച്ചു.മഹേഷുമായി നടന്ന സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സോന പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞു ചൊവ്വാഴ്ച ക്ലിനിക്കിലെത്തിയ മഹേഷ് സോനയെ കുത്തുകയായിരുന്നു.
കോളജ് പഠനകാലം മുതല്‍ പാവറട്ടി സ്വദേശി മഹേഷും സോനയും സുഹൃത്തുക്കളാണ്. ഇതിനിടെ അങ്കമാലി സ്വദേശിയുമായി സോനയുടെ വിവാഹം കഴിഞ്ഞെങ്കിലും വൈകാതെ പിരിഞ്ഞു. വിദേശത്തായിരുന്ന സോനയെ മഹേഷ് നിര്‍ബന്ധിച്ചാണ് നാട്ടില്‍ കൊണ്ടുവന്ന് കുട്ടനല്ലൂരില്‍ ഡന്റല്‍ ക്ലിനിക് തുടങ്ങിയത്.
ക്ലിനിക്കിന്റെ ഇന്റീരിയര്‍ ജോലികള്‍ക്കെന്ന പേരില്‍ ആറര ലക്ഷവും സ്ഥാപനത്തിന്റെ വരുമാനമായ 22 ലക്ഷവും ചിട്ടിയിലൂടെ ലഭിച്ച ഏഴു ലക്ഷവും മഹേഷ് കൈക്കലാക്കി. ഒരുമിച്ചുള്ള താമസവും സാമ്പത്തിക ഇടപാടുകളും വീട്ടുകാരെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായതോടെ സോന കാര്യങ്ങള്‍ വീട്ടുകാരെ ധരിപ്പിച്ചു. സെപ്റ്റംബര്‍ 25ന് വീട്ടുകാര്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്കിയ പരാതി പ്രകാരം ഒല്ലൂര്‍ സി.ഐ 29ന് സോനയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും മഹേഷ് എത്തിയില്ല. തുടര്‍ന്ന് ക്ലിനിക്കിലെത്തിയ സോനയോടും പിതാവിനോടും മധ്യസ്ഥചര്‍ച്ചക്ക് തയാറാണെന്ന് മഹേഷ് സുഹൃത്ത് വഴി അറിയിച്ചു.
ക്ലിനിക്കിലെ ഇന്റീരിയര്‍ ജോലികളുടെ വകയില്‍ 20 ലക്ഷം കൂടി കിട്ടിയാലേ വിട്ടുവീഴ്ചക്കുള്ളൂ എന്നായിരുന്നു അവിടെയെത്തിയ മഹേഷിന്റെ നിലപാട്. എന്നാല്‍, കൈക്കലാക്കിയ പണം മുഴുവന്‍ തിരികെ നല്‍കണമെന്നായിരുന്നു സോനയുടെ വീട്ടുകാരുടെ ആവശ്യം.ഇതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.