കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിലായി. കോൾഡ്രിഫ് എന്ന ചുമമരുന്ന് ഉപയോഗിച്ചതിനു പിന്നാലെ മരിച്ച 11 കുട്ടികളിൽ ഭൂരിഭാഗത്തിനും മരുന്ന് നിർദേശിച്ച ശിശുരോഗ വിദഗ്ധൻ ഡോ. പ്രവീൺ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സർക്കാർ ആശുപത്രിയിലെ ഡോക്ടറായ പ്രവീൺ സോണി, തന്റെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയ കുട്ടികൾക്കാണ് കോൾഡ്രിഫ് സിറപ്പ് നിർദേശിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വിവാദ കഫ് സിറപ്പ് നിർമ്മിച്ച തമിഴ്നാട് കാഞ്ചീപുരത്തെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെയും മധ്യപ്രദേശ് സർക്കാർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടികളുടെ മരണത്തിനും അതിന് ഉത്തരവാദികളായവർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.
കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്ക തകരാറിനെത്തുടർന്ന് മരണപ്പെട്ടതായ റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം മരുന്ന് നിർമ്മാണ യൂണിറ്റുകളിൽ വ്യാപക പരിശോധന ആരംഭിച്ചു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ആറു സംസ്ഥാനങ്ങളിലായി കഫ് സിറപ്പുകൾക്കും ആന്റിബയോട്ടിക്കുകൾക്കുമടക്കം 19 തരം മരുന്നുകൾ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ പരിശോധിച്ചു.
തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിൽ നടത്തിയ പരിശോധനയിൽ, മരുന്നിന്റെ ഒരു ബാച്ചിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷാംശം വലിയ അളവിൽ കണ്ടെത്തി. ഈ രാസവസ്തു ഗുരുതരമായ വൃക്കരോഗത്തിനും മരണത്തിനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന താത്കാലികമായി നിർത്തിവെച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രശ്നം കണ്ടെത്തിയത് SR-13 ബാച്ചിലാണ്, അതിനാൽ സംസ്ഥാനത്ത് ഈ മരുന്ന് ഇനി വിപണിയിൽ ലഭ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
മധ്യപ്രദേശിൽ കോൾഡ്രിഫിന്റെയും അതിന്റെ നിർമ്മാതാക്കളുടെ മറ്റു മരുന്നുകളുടെയും വിൽപ്പന നിരോധിച്ചപ്പോൾ, രാജസ്ഥാനിൽ കുട്ടികളുടെ മരണത്തിന് കാരണമായതായി കരുതപ്പെടുന്ന ജയ്പൂർ ആസ്ഥാനമായ കെയ്‌സൺ ഫാർമ നിർമ്മിച്ച എല്ലാ മരുന്നുകളും നിരോധിച്ചിട്ടുണ്ട്.
Tag: Doctor who prescribed medicine in children’s deaths after consuming cough syrup arrested