അനാസ്ഥ തുടരുന്നോ? കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ട വിവാദത്തിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ഫോണിനെക്കുറിച്ച് ജയിൽ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉണ്ടായ പിഴവുകൾ അന്വേഷണ റിപ്പോർട്ടിൽ കർശനമായി ചൂണ്ടിക്കാട്ടുന്നു. ഗോവിന്ദച്ചാമി ആഴ്ചകളോളം സെല്ലിലെ കമ്പികൾ മുറിച്ചുവെങ്കിലും അത് കണ്ടെത്താനാകാത്തത് പരിശോധനയുടെ അഭാവമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സെല്ലിനുള്ളിലേക്ക് കൂടുതൽ തുണികൾ കൊണ്ടുവന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രക്ഷപ്പെട്ട രാത്രി പരിശോധന രേഖകളിൽ മാത്രം ഒതുങ്ങുകയും, രണ്ട് മണിക്കൂറിലൊരിക്കൽ പരിശോധന നടത്തണമെന്ന ചട്ടം പാലിക്കപ്പെടാതിരിക്കുകയും ചെയ്തു. സെൽമുറിയിൽ കണ്ട ഡമ്മിയെ ഗോവിന്ദച്ചാമി എന്ന് തെറ്റിദ്ധരിച്ചതും വലിയ വീഴ്ചയാണെന്ന് ഡിഐജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
സംഭവത്തിൽ രാത്രികാല ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ നിയന്ത്രിക്കേണ്ട അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
അതേസമയം, ഗോവിന്ദച്ചാമിക്ക് തടവുകാരുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ലഭിച്ചിട്ടില്ലെന്നു ഉത്തര മേഖല ജയിൽ ഡിഐജി വി. ജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്. സഹായം ലഭിച്ചിരുന്നുവെങ്കിൽ, ജയിൽ കോമ്പൗണ്ടിൽ മൂന്നു മണിക്കൂറോളം ഗോവിന്ദച്ചാമിക്ക് കഴിയേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ കുറവാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Tag: Does the indifference continue? Mobile phone seized from Kannur Central Jail