തെരുവുനായ്ക്കളെ കൊല്ലാന്‍ വിഷ നിര്‍മ്മാണം; തെളിവുകളുമായി അന്വേഷണ സംഘം
കൊച്ചി: തെരുവുനായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകളുമായി അന്വേഷണ സംഘം രംഗത്ത്. തൃക്കാക്കര നഗരസഭാ പരിസരത്തെ മാലിന്യസംഭരണ കേന്ദ്രത്തില്‍ മുപ്പത് നായ്ക്കളുടെ ജഡം കുഴിച്ചുമൂടിയ സംഭവം അന്വേഷിക്കുന്നതിനിടെ നായ്ക്കളെ കൊല്ലാനായി വിഷ നിര്‍മ്മാണം നടത്തുന്നതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്.
തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളില്‍ പകല്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാംപ് നടക്കുകയാണങ്കില്‍ രാത്രി നായ്ക്കളെ കൊല്ലാനുള്ള വിഷം തയാറാക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തെരുവുനായ്ക്കളെ ആദ്യ കുരുക്കിട്ടു പിടിക്കും പിന്നീട് വിഷലായനി കുത്തിവച്ച് കൊല്ലും.
അന്വേഷണത്തില്‍ നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള വിഷലായനി കമ്യൂണിറ്റി ഹാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് നായ്ക്കളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നംഗ സംഘത്തെ പിടികൂടി. സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ട് അമിക്യസ്‌ക്യുറിയെ നിയമിച്ചിട്ടുണ്ട്.
പിന്നീട് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതോടെ ഹെല്‍ത്ത് ഇന്‍സ്പകറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നായ്ക്കളെ പിടികൂടിയതെന്നും നായ്ക്കളെ തൃക്കാക്കര നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്ന് മൂന്ന് നായ്ക്കളുടെ ജഡത്തിനായി തിരഞ്ഞ അന്വേഷണ സംഘം മുപ്പതിലധികം നായ്ക്കളുടെ ജഡം കണ്ടെത്തുകയായിരുന്നു. കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്.