കോണ്‍ഗ്രസിൽ വിഴുപ്പലക്കുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പ്, പരസ്യ പ്രസ്താവനകള്‍ ഇനി പാടില്ല.

തിരുവനന്തപുരം / കോണ്‍ഗ്രസിൽ എഐസിസി അച്ചടക്കം കര്‍ക്കശമാക്കി. പരസ്യ പ്രസ്താവനകള്‍ ഇനി പാടില്ല. പരസ്യ പ്രസ്താവനകള്‍ പൂർണമായും വിലക്കിയ പാര്‍ട്ടി നേതൃത്വം മാധ്യമങ്ങള്‍ക്കു മുന്നില്‍ വിഴുപ്പലക്കുന്ന നേതാക്കള്‍ക്കെതിരേയും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പാര്‍ട്ടി നേതാക്കള്‍, ഘടക കക്ഷി നേതാക്കള്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി സംസാരിച്ച ശേഷം കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ആണ് വിഴുപ്പലക്കുന്ന നേതാക്കള്‍ക്ക് വിലക്ക് അറിയിച്ചിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വലിയ തകര്‍ച്ച ഉണ്ടായിട്ടില്ല. യുഡിഎഫ് – എല്‍ഡിഎഫ് വോട്ട് വ്യത്യാസം അഞ്ചുലക്ഷത്തിനടുത്ത് മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതു മറികടക്കാവുന്നതാണ്. അതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണി ഉടനില്ല. നിലവിലുള്ള നേതൃത്വം മികച്ചതാണ്. എന്നാല്‍ ജില്ലാതലം മുതല്‍ താഴോട്ട് ചില വീഴ്ചകള്‍ സംഭവിച്ചു. അവ പരിശോധിച്ച് ആവശ്യമെങ്കില്‍ അഴിച്ചുപണി നടത്തും. യുഡിഎഫ് വിപുലീകരണത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം ഒരു മുന്നറിയിപ്പാണ്. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ടതിന്‍റെ മുന്നറിയിപ്പാണത്. അച്ചടക്കത്തോടു പ്രവര്‍ത്തിച്ചാല്‍ മികച്ച നേട്ടമുണ്ടാകുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. അതേ സമയം, കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി എല്ലാ അതിരും വിടുന്നതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞിട്ടുണ്ട്. ഇത് അനുവദിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണെന്നു പറഞ്ഞ വേണുഗോപാല്‍,താരിഖ് അന്‍വറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ചില നടപടികളുണ്ടാകുമെന്നും സൂചന നൽകിയിട്ടുണ്ട്.