മട്ടന്നൂരില്‍ തീപാറും,ലോകശ്രദ്ധ നേടിയ കെ.കെ ശൈലജയും ഇല്ലിക്കല്‍ അഗസ്തിയും നേര്‍ക്കുനേര്‍
കണ്ണൂര്‍: പഴശ്ശിയുടെ പടയോട്ടങ്ങള്‍ ഒരു പാട് കണ്ട മണ്ണാണ് മട്ടന്നൂരിലേത്. എന്നാല്‍ പഴശ്ശിയുടേത് മാത്രമല്ല സി.പി.എമ്മിന്‍്റെയും സംസ്ഥാനത്തെ കൊടും കോട്ടകളിലൊന്നാണ് മട്ടന്നൂര്‍. പിണറായി മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രി ഇ.പി ജയരാജന് രണ്ടു ടേം പുര്‍ത്തിയാക്കിയതിനു ശേഷം ഒഴിഞ്ഞ മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരരംഗത്തെത്തിയതോടെ മണ്ഡലത്തിലെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം മട്ടന്നൂരിലാക്കാന് എല്‍ഡിഎഫ് ലക്ഷ്യം വയ്ക്കുമ്ബോഴും മികച്ച മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും എന്‍ഡിഎയും. യുഡിഎഫിന് വേണ്ടി ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇല്ലിക്കല്‍ ആഗസ്തിയും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി ജില്ലാ ജോയിന്റ് സെക്രട്ടറി ബിജു ഏളക്കുഴിയുമാണ് ജനവിധി തേടുന്നത്.
എല്‍ഡിഎഫിലെ എറ്റവുമധികം ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞതവണ മട്ടന്നൂരില്‍ നിന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന് വിജയിച്ചുകയറിയത്. ഇക്കുറി ഇ.പി. മത്സരരംഗത്ത് നിന്ന് മാറിയതോടെയാണ് കെ.കെ.ശൈലജ മട്ടന്നൂരിലേക്ക് വന്നത്. മണ്ഡലത്തിലെ വോട്ടറെന്ന നിലയില്‍ സ്വന്തം പേരിലും ചിഹ്നത്തിലും വോട്ടുചെയ്യാനുള്ള അവസരം ഇത്തവണ ശൈലജയ്ക്ക് ലഭിക്കും.
രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയ ശൈലജ മൂന്നാംഘട്ട പ്രചാരണത്തിലാണ്. നിപ, കോവിഡ് പ്രതിരോധത്തിലൂടെ ലോക ശ്രദ്ധ കൈവരിച്ച ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമാണ് ശൈലജ പ്രചാരണ വിഷയമാക്കുന്നത്.
മട്ടന്നൂര്‍ ഇത്തവണ ആര്‍എസ്പിക്ക് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്നു. 2011ല്‍ മണ്ഡലം പുനര്‍ജനിച്ച ശേഷം രണ്ടുതവണയും യുഡിഎഫ് ഘടകകക്ഷികളാണ് മട്ടന്നൂരില്‍ മത്സരിച്ചത്. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ രക്തസാക്ഷിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാമെന്ന വിലയിരുത്തലിലായിരുന്നു കോണ്‍ഗ്രസ്. രണ്ടുനേതാക്കളുടെ പേരുകള്‍ മട്ടന്നൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അവസാനഘട്ടത്തിലാണ് മട്ടന്നൂര്‍ ഘടകകക്ഷിക്ക് നല്‍കിയത്. ഇതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
എന്നാല്‍, ഇപ്പോള്‍ അസ്വാരസ്യങ്ങളെല്ലാം മാറ്റിവച്ച് മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണം സജീവമായിട്ടുണ്ട്. ഇല്ലിക്കല്‍ ആഗസ്തി മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പൊതുപര്യടനം നടത്തി വരികയാണ്. വികസന മുരടിപ്പ് ഉയര്‍ത്തിക്കാട്ടിയാണ് വോട്ടുതേടുന്നത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്വന്തം മണ്ഡലമായ മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്.
മട്ടന്നൂര്‍ നഗരസഭയിലും കീഴല്ലൂര്‍, കൂടാളി, പടിയൂര്‍-കല്യാട്, തില്ലങ്കേരി, മാലൂര്‍, മാങ്ങാട്ടിടം, കോളയാട്, ചിറ്റാരിപ്പറമ്ബ് പഞ്ചായത്തുകളിലും എല്‍ഡിഎഫാണ് ഭരണത്തിലുള്ളത്. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമേ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി റഫീഖ് കീച്ചേരിയും സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍.എ.ആഗസ്തിയും മത്സര രംഗത്തുണ്ട്. 99,182 സ്ത്രീകളും 90,126 പുരുഷന്മാരുമടക്കം ആകെ 1,89,308 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.