“”ബ്രോ” എന്ന് വിളിക്കണ്ട, “ചേട്ട” എന്ന് വിളിക്കണം”; സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
കോട്ടയം ഗിരിദീപം കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ ഒരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. “ബ്രോ” എന്ന് വിളിച്ചതിൽ അസന്തോഷം പ്രകടിപ്പിച്ച മുതിർന്ന വിദ്യാർത്ഥികൾ “ചേട്ട” എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായാണ് പരാതി. മൂക്കിന് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ലസ് ടു വിദ്യാർത്ഥികൾ നടത്തിയ മർദനത്തിന് ഇരയായത് പ്ലസ് വൺ വിദ്യാർത്ഥിയാണ്. സംഭവത്തിൽ സീനിയർ വിദ്യാർത്ഥിയെ സസ്പെന്റ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
റാഗിങിന് ഇരയായ വിദ്യാർത്ഥി സഹപാഠിയുടെ ഫോണിലൂടെ വിദേശത്തുള്ള തന്റെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പിതാവ് നാട്ടിലെത്തി മകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ഹോസ്റ്റലിൽ വച്ചാണ് സീനിയർമാർ ബാത്ത്‌റൂമിൽ കൊണ്ടുപോയി മകനെ ക്രൂരമായി ഉപദ്രവിച്ചതെന്ന് പരുക്കേറ്റ വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. ഹോസ്റ്റലിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നുമാണ് വിദ്യാർത്ഥിയുടെ പിതാവിന്റെ ആരോപണം.
മർദനത്തെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ തുടക്കത്തിൽ അറിയാനായില്ലെന്നും സംഭവം അറിഞ്ഞ ഉടൻ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചതായും, പരിക്ക് ഗുരുതരമാണെന്ന് പിന്നീട് മാത്രമേ മനസിലായുള്ളൂവെന്നും പ്രിൻസിപ്പൽ തോമസ് സത്യൻ വ്യക്തമാക്കി.
Tag: “Don’t call me ‘bro’, call me ‘chetta'”; Student seriously injured in beating by senior students