ടൗട്ടെ: ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറില്‍ 11 കിമീ വേഗതയില്‍ വടക്ക്-വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് 15 മെയ് 2021 ന് പകല്‍ 08.30 ന് 12.8 °N അക്ഷാംശത്തിലും 72.5°E രേഖാംശത്തിലും എത്തിയിരിക്കുന്നു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 190 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും ഗോവയിലെ പാനജിം തീരത്ത് നിന്ന് 330 കിമീ തെക്കു-തെക്കു പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്‌ബോള്‍ സ്ഥിതി ചെയ്യുന്നത്.
അടുത്ത 6 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുകയും അതിനു ശേഷമുള്ള 12 മണിക്കൂറിനുള്ളില്‍ അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറില്‍ 118 കി.മീ മുതല്‍ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 ഉച്ചക്ക്/വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് , യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസറഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്