ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം ഓസ്കാറിലേക്ക്; ന്യൂഗിനിയുടെ ഔദ്യോഗിക എൻട്രിയായി ‘പപ്പ ബുക്ക’
ഡോ. ബിജു സംവിധാനം ചെയ്ത പപ്പ ബുക്ക ഓസ്കാറിലേക്ക് . ഇന്ത്യ– പപ്പുവ ന്യൂ ഗിനി സംയുക്ത നിർമ്മാണത്തിലുള്ള ഈ ചിത്രം, 2026ലെ മികച്ച അന്താരാഷ്ട്ര സിനിമാ വിഭാഗത്തിലേക്കുള്ള പപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എൻട്രിയായാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് പപ്പുവ ന്യൂ ഗിനി ഔദ്യോഗികമായി ഒരു ചിത്രം ഓസ്കാറിനായി സമർപ്പിക്കുന്നത്. ചിത്രത്തിലെ മുഖ്യകഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് ആ രാജ്യത്തെ ഗോത്രവർഗ്ഗത്തിൽപ്പെട്ട 85 കാരനായ സിനെ ബൊബോറൊയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രശസ്ത ബംഗാളി നടി രിതാഭാരി ചക്രബർത്തി, മലയാളി നടൻ പ്രകാശ് ബാരെ (സിലിക്കൺ മീഡിയ) എന്നിവർ നിർമ്മാണത്തിൽ പങ്കാളികളായി.
പപ്പുവ ന്യൂ ഗിനിയുടെ ഓസ്കാർ സെലക്ഷൻ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. ഈ വിവരം പ്രഖ്യാപിച്ചത് ആ രാജ്യത്തെ ടൂറിസം– കൾച്ചറൽ മന്ത്രിയായ ബെൽഡൺ നോർമൻ നമഹ്, നാഷണൽ കൾച്ചറൽ കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീവൻ എനോമ്പ് കിലാണ്ട, ഓസ്കാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡോൺ നൈൽസ് എന്നിവർ ചേർന്നായിരുന്നു. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള ഡോ. ബിജുവിന്റെ സിനിമകൾ പല രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലും അംഗീകാരം നേടിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
Tag: Dr. Biju’s film to be nominated for Oscars; ‘Pappa Buka’ is New Guinea’s official entry