മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോ. ഹാരിസ് ചിറക്കൽ

മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായെന്ന ആരോപണത്തിൽ പ്രതികരണവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ.ഡിഎംഇ അന്വേഷണത്ത സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ വർഷവും ഓഡിറ്റ് നടക്കുന്നുണ്ടെന്നും അന്വേഷണം നടക്കുന്നതിൽ എതിരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ ഇന്നും നാളെയും അവധിയിലാണ്. തിങ്കളാഴ്ച മുതൽ ഡിപ്പാർട്ട്മെന്റിൽ എത്തി അന്വേഷണവുമായി സഹകരിക്കും,” എന്നും ഡോ. ഹാരിസ് പറഞ്ഞു.
മോർസെലേറ്റർ എന്ന ഉപകരണമാണ് വിവാദത്തിൽപ്പെട്ടത്. “ഈ ഉപകരണം ഇപ്പോൾ ഉപയോഗിക്കുന്നില്ല, മാറ്റിവെച്ചിരിക്കുകയാണ്. അത് ഉപയോഗിക്കാൻ പരിശീലനം നേടിയ ഡോക്ടർമാർ ഇപ്പോഴില്ല. രോഗികളുടെ സുരക്ഷയ്ക്കായി പരിചയമില്ലാത്ത ഉപകരണം ഉപയോഗിക്കരുത്. ഉപകരണം ഓപ്പറേഷൻ തിയേറ്ററിലാണ് നിലനിൽക്കുന്നത്. പരിശീലനം നേടിയ ഡോക്ടർമാർ വന്നാൽ മാത്രമേ ഉപയോഗിക്കൂ,” എന്നും അദ്ദേഹം വ്യക്തമാക്കി.
എംപി ഫണ്ടിൽ നിന്നാണ് ഉപകരണം വാങ്ങിയതെന്നും, പല തവണ കളക്ടറേറ്റിലേക്ക് ഫോട്ടോകൾ അയച്ചിട്ടുണ്ടെന്നും, ഉദ്യോഗസ്ഥർ നേരിട്ട് എത്തി പരിശോധന നടത്തിയിരുന്നുവെന്നും ഡോ. ഹാരിസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ്, മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ടിൽ വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി അറിയിച്ചിരുന്നു. സംഭവം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നും, വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, ആവശ്യമായാൽ പൊലീസ് പരാതിയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
Tag: Dr. Harris Chirakkal responds to allegations of missing equipment at the medical college