ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു.

തിരുവല്ല ∙ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) കാലം ചെയ്തു. ഞായറാഴ്ച പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. 13 വർഷമായി മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാണ്. കബറടക്കം പിന്നീട് നടക്കും.പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരാഴ്ചയായി ആരോഗ്യ സ്ഥിതി തീർത്തും മോശമായിരുന്നു. മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവർ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. സഭയിലെ വിപ്ലവകരമായ മാറ്റങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള മെത്രാപ്പൊലീത്ത അശരണർ, രോഗികൾ, ദരിദ്ര ജനവിഭാഗങ്ങൾ, ആവശ്യത്തിലിരിക്കുന്നവർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയാണ് ജീവിതത്തിന്റെ ഏറിയ കാലവും ചിലവഴിച്ചത്. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതോടെ 2007 ഒക്ടോബർ 2ന് ആണ് ഡോ. ജോസഫ് മാർ ഐറേനിയസ് മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാകുന്നത്.