‘കുംഭമേള നടക്കരുതായിരുന്നുവെന്നാണ് ഹിന്ദുവെന്ന നിലയില്‍ തോന്നിയത്’; വിയോജിപ്പുമായി സോനു നിഗം
മുംബൈ: കോവിഡ് രണ്ടാം തരംഗത്തിനിടെ ഹരിദ്വാറില്‍ ലക്ഷങ്ങള്‍ സംഗമിച്ച കുംഭമേള സംഘടിപ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡിനിടെ കുംഭമേള നടത്തിയതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ഗായകന്‍ സോനു നിഗം. ഹിന്ദുവെന്ന നിലയില്‍ കുംഭമേള നടക്കരുതായിരുന്നുവെന്നാണ് തോന്നുന്നതെന്ന് സോനു പറഞ്ഞു.
‘ഇപ്പോള്‍ എനിക്കു മറ്റൊന്നിനെയും കുറിച്ചു സംസാരിക്കാനില്ല. ഞാന്‍ ഒരു ഹിന്ദുവായാണ് ജനിച്ചത്. ഇപ്പോള്‍ ജീവിക്കുന്നതും ഹിന്ദുവായി തന്നെ. കുംഭമേള വിശ്വാസത്തിന്‍റെ ഭാഗമാണെന്നറിയാം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാതൊരു കാരണവശാലും കുംഭമേള നടക്കാന്‍ പാടില്ലായിരുന്നു’ -സോനു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു.
‘ദൈവത്തിന് നന്ദി. അത് പ്രതീകാത്മകമാക്കിയിരിക്കുന്നു. ലോകത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുക്കുമ്ബോള്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതു മാത്രമാണ് പരമപ്രധാനം. അതിലുപരിയായി ഇപ്പോള്‍ മറ്റൊരു ആവശ്യവും ഇല്ല’ -സോനു പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനാല്‍ ലൈവ് ഷോകള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ഗായകന്‍ എന്ന നിലയില്‍ ഇപ്പോള്‍ സംഗീതപരിപാടികള്‍ നടത്താനാകില്ല. കുറച്ചു ദിവസങ്ങള്‍ കഴിയുമ്ബോള്‍ സാമൂഹിക അകലം പാലിച്ചും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചും വേണമെങ്കില്‍ പരിപാടികള്‍ നടത്താം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് പറ്റില്ല. കാരണം, ഗുരുതരമായ അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്. എല്ലാവരും വളരെ സൂക്ഷിക്കുക’ -സോനു കൂട്ടിച്ചേര്‍ത്തു. ഗോവയിലുള്ള സോനു തിങ്കളാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്നും സ്വയം നിരീക്ഷണത്തില്‍ കഴിയുമെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
കുംഭമേളയില്‍ പങ്കെടുത്ത ആയിരക്കണക്കിനാളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള മഹാ നിര്‍വാനി അഖാഡയില്‍ അംഗമായ സ്വാമി കപില്‍ ദേവ് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചില സന്യാസ സമൂഹങ്ങളുടെ കുംഭമേളയില്‍ നിന്നും പിന്‍മാറി.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഹരിദ്വാര്‍ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. കുംഭമേളയുടെ ഭാഗമായി സന്യാസിമാര്‍ ഗംഗാ നദിയില്‍ കുളിക്കുന്ന ചടങ്ങ് ഒഴിവാക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.
ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്‍റ് സ്വാമി അവധേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് കുംഭമേളയുടെ ചടങ്ങുകള്‍ ചുരുക്കണമെന്ന് അഭ്യര്‍ഥിച്ചത്. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.