സ്വപ്ന പദ്ധതി; ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത നിർമ്മാണത്തിന് ഇന്ന് ഔദ്യോഗിക തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത നിർമ്മാണത്തിന് ഇന്ന് ഔദ്യോഗിക തുടക്കം കുറിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ഈ തുരങ്കപാതയുടെ (ആകെ 8.735 കിലോമീറ്റർ) പ്രവർത്തി ഉദ്ഘാടനം വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ആനക്കാംപൊയിലെ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുരങ്കത്തിന്റെ 5.58 കിലോമീറ്റർ വയനാട് ജില്ലയിലും 3.15 കിലോമീറ്റർ കോഴിക്കോട് ജില്ലയിലുമാണ്.
മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്–കള്ളാടി) വരെ 8.735 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ 8.11 കിലോമീറ്റർ ഇരട്ട തുരങ്കങ്ങളാണ്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ 300 മീറ്റർ ഇടവിട്ട് ഇരട്ട തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന ക്രോസ് പാസേജുകളും ഉണ്ടാകും. പദ്ധതിയുടെ ആകെ ചെലവ് 2134.50 കോടി രൂപയാണ്.
പദ്ധതിക്കായി 33 ഹെക്ടർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ 5771 മീറ്റർ വനമേഖലയും 2964 മീറ്റർ സ്വകാര്യഭൂമിയും ഉൾപ്പെടുന്നു. വയനാട്ടിൽ 8.0525 ഹെക്ടറും കോഴിക്കോട് ജില്ലയിൽ 8.1225 ഹെക്ടറും ഏറ്റെടുത്തു കൈമാറി. വയനാട്ടിൽ മേപ്പാടി–കള്ളാടി–ചൂരൽമല റോഡ് (സംസ്ഥാനപാത 59), കോഴിക്കോട് ആനക്കാംപൊയിൽ–മുത്തപ്പൻപുഴ–മറിപ്പുഴ റോഡ് എന്നീ രണ്ട് റോഡുകൾ തുരങ്കപാതയുമായി ബന്ധിപ്പിക്കും. കള്ളാടിയിലെ മീനാക്ഷി പാലത്ത്, സമുദ്രനിരപ്പിൽ നിന്ന് 851 മീറ്റർ ഉയരത്തിലാണ് വയനാട്ടിലേക്കുള്ള പ്രവേശന കവാടം വരിക.
നിർമാണം ആദ്യം വയനാട് ഭാഗത്തുനിന്ന് തുടങ്ങും എന്ന് പദ്ധതിയുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ അറിയിച്ചു. കള്ളാടി, മീനാക്ഷി പാലത്തിന് സമീപം നിലം നിരപ്പാക്കൽ പ്രവർത്തി ഇതിനകം തുടങ്ങി. തുടർന്ന് ജിയോ-ടെക്‌നിക്കൽ പരിശോധനകൾ നടക്കും, ഇതിന്റെ അടിസ്ഥാനത്തിലാണ് തുരങ്കത്തിന്റെ അന്തിമ ഡിസൈൻ തയ്യാറാക്കുന്നത്.
പദ്ധതി പൂർത്തിയായാൽ കോഴിക്കോട്– വയനാട് ഗതാഗതം കൂടുതൽ എളുപ്പമാകുകയും യാത്രാസമയം ഗണ്യമായി കുറയുകയും വിനോദസഞ്ചാര– വ്യാപാര മേഖലകൾക്ക് വലിയ ഉണർവ് ലഭിക്കുകയും ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത്–വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ. എൻ. ബാലഗോപാൽ, വനം–വന്യജീവി സംരക്ഷണ മന്ത്രി എ. കെ. ശശീന്ദ്രൻ, പട്ടികജാതി–പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളു, പ്രിയങ്ക ഗാന്ധി എംപി, എംഎൽഎമാരായ ലിന്റോ ജോസഫ്, ടി. സിദ്ധിഖ് എന്നിവർ അടക്കം ജനപ്രതിനിധികൾ പങ്കെടുക്കും.
Tag: Dream Project; Construction of Anakkampoyil-Kallady-Meppadi tunnel to begin today, CM to inaugurate