ദൃശ്യം 2 ആമസോൺ പ്രൈം വാങ്ങിയത് 30 കോടിയ്ക്ക്; മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ ഒടിടി റേറ്റ്
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ദൃശ്യം രണ്ടാം ഭാഗം ചിത്രം ആമസോൺ പ്രൈം വാങ്ങിയത് 30 കോടി രൂപയ്ക്ക്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാൽ ആമസോൺ ടീം സന്തോഷത്തിലാണെന്നും ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബൽ ട്വീറ്റ് ചെയ്തു.
വമ്പൻ വിജയമായി മാറിയ ദൃശ്യം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത് ദൃശ്യം രണ്ടാം ഭാഗം ആമസോണിന് വിറ്റത് റെക്കോർഡ് തുകയ്ക്കാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും എത്രയാണ് തുകയെന്ന് പുറത്തുവിട്ടിരുന്നില്ല. ഇക്കാര്യമാണ് ഒ.ടി.ടി ഗ്ലോബൽ ട്വീറ്റ് ചെയ്തത്. ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒ.ടി.ടി റേറ്റാണ് ദൃശ്യം 2ന് ലഭിച്ചത്.
ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. വോഗ് ഇന്ത്യ മാഗസിൻ പുറത്തു വിട്ട ലിസ്റ്റിൽ ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനവും ദൃശ്യം 2 സ്വന്തമാക്കിയിരുന്നു.