റെംഡിസിവിറിന്റെ ഒഴിഞ്ഞ മരുന്നു കുപ്പികളിൽ ഉപ്പുവെള്ളവും ആന്റിബയോട്ടിക്കുകളും നിറച്ച് വിൽപ്പന നടത്തിയ നഴ്സ് അറസ്റ്റിൽ
മൈസൂരു: റെംഡിസിവിറിന്റെ ഒഴിഞ്ഞ മരുന്നു കുപ്പികളിൽ ഉപ്പുവെള്ളവും ആന്റിബയോട്ടിക്കുകളും നിറച്ച് വിൽപ്പന നടത്തിയ നഴ്സ് അറസ്റ്റിൽ. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഗിർഷാണ് കർണാടക പോലീസിന്റെ പിടിയിലായത്. കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ, കൊവിഡിനെതിരെയുള്ള മരുന്നുകളുടെ കരിഞ്ചന്ത വിൽപനതടയാൻ പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നു നടത്തിയ റെയ്ഡിലാണ് വ്യാജമരുന്ന് കണ്ടെത്തിയത്.
പിടിയിലായ നഴ്സ് വിവിധ കമ്ബനികളിൽ നിന്നുള്ള റെംഡിസിവിർ കുപ്പികൾ പുനരുപയോഗിക്കുകയും അതിൽ ആന്റിബയോട്ടിക്കുകളും ഉപ്പുവെള്ളവും നിറച്ച് വിപണനം നടത്തുകയും ചെയ്യുകയായിരുന്നു. ജെഎസ്എസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു ഗിർഷ്. ഇയാൾ വ്യാജമരുന്ന് വിൽപ്പന 2020 മുതൽ നടക്കുന്നതായി പോലീസ് പറയുന്നു. ഈ കാലയളവിൽ വ്യാജമരുന്നുകൾ ഏതെല്ലാം സ്ഥലങ്ങളിൽ എത്തിയിട്ടുണ്ടെന്ന് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ വർഷം മുതൽ താനും മറ്റുചിലരും ചേർന്ന് ഇവ വിൽപന ചെയ്യുന്നുണ്ടെന്ന് ഗിർഷ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായും പോലീസ് പറയുന്നു.