പിഡബ്ല്യൂസിയുടെ വിലക്ക് സർക്കാരിന് തിരിച്ചടി, താൽക്കാലിക സ്റ്റേ.

കൊച്ചി/ പിഡബ്ല്യൂസിയെ വിലക്കിയ സർക്കാർ നടപടിയ്ക്ക് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി സർക്കാർ നടപടി സ്‌റ്റേ ചെയ്തത്. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന പിഡബ്ല്യൂസിയുടെ വാദം അംഗീകരിച്ചായിരുന്നു നടപടി. രണ്ട് വർഷത്തേക്കാണ് പിഡബ്ല്യൂസിയെ ഐടി പദ്ധതികളിൽ നിന്ന് സർക്കാർ വിലക്കിയത്.
ഏറെ വിവാദങ്ങള്‍ക്കു ശേഷം സംസ്ഥാന സര്‍ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് അന്താരാഷ്ട്ര കൺസള്‍ട്ടൻസി സ്ഥാപനമായ പ്രൈസ്‍വാട്ടര്‍ഹൗസ്കൂപ്പേഴ്സിന് സർക്കാർ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ സ്പേസ് പാര്‍ക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് കൺസള്‍ട്ടൻസിയെ വിലക്കിയതെന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. അതേസമയം, സര്‍ക്കാര്‍ ഉത്തരവിൽ സ്വപ്ന സുരേഷിൻ്റെ പേര് പറഞ്ഞിട്ടില്ലെന്നും ‘യോഗ്യതയില്ലാത്തയാളെ’ നിയമിച്ചതിനാണ് വിലക്കെന്നാണ് പരാമര്‍ശമെന്നും ഒരു ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിയുമായി സഹകരിച്ച് നടപ്പാക്കുന്ന കെഫോൺ പദ്ധതിയുടെ കൺസള്‍ട്ടൻസി ചുമതല പിഡബ്ല്യൂസിയ്ക്കായിരുന്നു നൽകിയിരുന്നത്. ഈ കരാറിൻ്റെ കാലാവധി തീരാനിരിക്കേയാണ് വിലക്ക് ഏർപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ഈ കരാറും കമ്പനിയ്ക്ക് പുതുക്കാനാകാത്ത് സാഹചര്യം ആണ് ഉണ്ടായത്. അന്താരാഷ്ട്ര സ്ഥാപനവുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും കരാറുകല്‍ പാലിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. സ്വപ്ന സുരേഷിൻ്റെ നിയമനവുമായി തങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നും വിഷൻ ടെക്നോളീസ് എന്ന സ്ഥാപനമാണ് സ്വപ്നയെ നിയമിച്ചതെന്നും മുൻപ് പിഡബ്ല്യൂസി വിശദീകരണം നടത്തിയിരുന്നു. കമ്പനിയുമായി 2014 മുതൽ ബന്ധമുണ്ടെന്നും എന്നാൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും പിഡബ്ല്യൂസി വ്യക്തമാക്കിയിരുന്നു.