റെക്കോർഡ് നേട്ടവുമായി ദൃശ്യം 2 ; മലയാളത്തിൽ നിന്ന് ആദ്യമായി ഇരുപത് മില്ല്യൺ കാഴ്ചക്കാരെ സ്വന്തമാക്കി ട്രെയിലർ

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം രണ്ടിൻറെ ട്രെയിലറിന് റെക്കോർഡ് നേട്ടം. മലയാളത്തിൽ നിന്ന് ആദ്യമായി ഇരുപത് മില്ല്യൺ കാഴ്ചക്കാരെ നേടുന്ന ട്രെയിലർ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 6നായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. ആമസോൺ പ്രൈമിലാണ് സിനിമ റിലീസ് ചെയ്തത്.
ഫെബ്രുവരി എട്ടിനായിരുന്നു ആമസോൺ ഔദ്യോഗികമായി ട്രെയ്‌ലർ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ട്രെയ്‌ലർ ചോർന്നതിനെ തുടർന്നാണ് ഫെബ്രുവരി ആറിന് റിലീസ് ചെയ്തത്. ജോർജ്ജ് കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരെ സസ്പെൻസിൻറെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ദൃശ്യം 2. തിയറ്റർ എക്സ്പീരിയൻസ് മിസ്സ് ചെയ്യുന്നു എന്നായിരുന്നു ചിത്രം കണ്ടതിന് ശേഷം മിക്ക ആരാധകരുടേയും പരിഭവം. ‘ദൃശ്യം’ ആദ്യ ഭാഗത്തിനോട് നീതി പുലർത്തുന്ന ചിത്രം എന്ന് തന്നെയാണ് രണ്ടാം ഭാഗത്തിനോടും പ്രേക്ഷകരുടെ പ്രതികരണം.
ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും ഉണ്ട്. രണ്ടാം ഭാഗത്തിൽ മുരളി ഗോപി , സായികുമാർ, ഗണേഷ് കുമാർ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.