Latest NewsNationalNews

തമിഴ്‌നാട്ടുകാരുടെ വോട്ട് വില്‍പ്പനക്കില്ല ,മോദിയുടെ തമിഴ് പ്രേമത്തെ പരിഹസിച്ച്‌ കമല്‍ ഹാസന്‍

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള മോദിയുടെ തമിഴ് പ്രേമത്തെ പരിഹസിച്ച്‌ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. തമിഴ് പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിലെ പരാമര്‍ശത്തെയാണ് കമല്‍ ഹാസന്‍ പരിഹസിച്ചത്.

തമിഴ് ജനങ്ങള്‍ മൂഢരല്ല. തമിഴിനോട് പ്രധാനമന്ത്രിക്ക് പെട്ടെന്നുള്ള ഈ സ്‌നേഹത്തിന്റെ കാര്യം ഇതുവരെ മനസ്സിലാകാതിരിക്കുമോ? പ്രത്യേകിച്ച്‌ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷമുള്ള സ്‌നേഹത്തെക്കുറിച്ച് കമല്‍ ഹാസന്‍ ചോദിച്ചു.’തമിഴ് വില്‍പ്പനക്കില്ല. തമിഴ്നാട്ടുകാരുടെ വോട്ടും വില്‍പനക്കില്ല’ എന്നും കമല്‍ഹാസന്‍ പറഞ്ഞു.

തങ്ങളുടെ ഭാഷയില്‍ രണ്ടുവരി സംസാരിക്കുന്നതും തിരുക്കറലില്‍ നിന്നുള്ള ഈരടികള്‍ തെറ്റായി ചൊല്ലിക്കേള്‍പ്പിക്കുന്നതും ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നാണോ കരുതുന്നത്? ഞങ്ങള്‍ വോട്ട് ചെയ്യില്ല. എന്നാല്‍ അവരെ തിരിച്ചറിയും- കമല്‍ഹാസന്‍ പറഞ്ഞു.

മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാമിന്റെ ശാസ്ത്രീയ ഉപദേഷ്ടകന്‍ വി.പൊന്‍രാജ് പാര്‍ട്ടിയില്‍ ചേര്‍ന്നതായും കമല്‍ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തിലായിരുന്നു പറഞ്ഞത്.

‘ചില സാഹചര്യങ്ങളില്‍ വളരെ ചെറിയ ചോദ്യങ്ങള്‍ നിങ്ങളെ വിഷമത്തിലാക്കും. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും നേടാന്‍ സാധിക്കാതെ പോയതില്‍ ദുഃഖമുണ്ടോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് സ്വയം തോന്നി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാന്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന്,” എന്നായിരുന്നു മോദി പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button