ഇനി മുതല്‍ ഡ്രോണ്‍ പറപ്പിക്കുന്നവര്‍ സൂക്ഷിച്ചോ..ഇവിടങ്ങളില്‍ പറത്തിയാല്‍ കേസാകും
ഇനി ഇടുക്കിയില്‍ ഡ്രോണ്‍ പറത്തുമ്പോള്‍ ശ്രദ്ധിക്കണം. ജില്ലയില്‍ 9 സ്ഥലങ്ങള്‍ ഹൈ സെക്യൂരിറ്റി ഏരിയ ആയി പ്രഖ്യാപിച്ചു. 9 സ്ഥലത്തും ഡ്രോണ്‍ പറത്തലിനു നിരോധനം ഏര്‍പ്പെടുത്തി. ഇവിടെ ഡ്രോണ്‍ പറത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കും. ഇടുക്കി ആര്‍ച്ച് ഡാം, മുല്ലപ്പെരിയാര്‍ ഡാം, മൂലമറ്റം പവര്‍ഹൗസ്, മൂലമറ്റം സ്വിച്ച് യാര്‍ഡ്, മൂലമറ്റത്തെ ബട്ടര്‍ഫ്ലൈ വാല്‍വ്, ചേംബര്‍ ആന്‍ഡ് സര്‍ജ് ഷാഫ്റ്റ്, പള്ളിവാസല്‍ ഡാം, പള്ളിവാസല്‍ പവര്‍ ഹൗസ്, ചെങ്കുളം ഡാം, ചെങ്കുളം പവര്‍ ഹൗസ്, പന്നിയാര്‍ പവര്‍ ഹൗസ്, കുളമാവിലെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫ് ലബോറട്ടറി എന്നിവിടങ്ങളിലാണ് ഡ്രോണ്‍ പറത്തലിനു നിരോധനം.
മേഖലയെ ഹൈ സെക്യൂരിറ്റി ഏരിയയായി ജില്ലാ പൊലീസും പ്രഖ്യാപിച്ചു. ഡാമുകളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ശേഖരിക്കുന്നത് തടയാനാണ് പൊലീസ് നീക്കം. ഇവിടെ 500 മീറ്റര്‍ ചുറ്റളവിലാണ് ഡ്രോണ്‍ പറത്തലിനു നിരോധനം. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അതീവ സുരക്ഷ നല്‍കേണ്ട മേഖലയാണിവ. ജില്ലയിലെ ഡാമുകള്‍ക്കു സുരക്ഷ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
ഡാമുകളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് നോ ഡ്രോണ്‍ സോണ്‍ പ്രഖ്യാപനം.ചെറുതോണിയിലും, തിരുവനന്തപുരത്തുമായി ഡാമിലെ തല്‍സമയ ദൃശ്യങ്ങള്‍ വിശകലനം ചെയ്യും. ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല കല്ലാര്‍കുട്ടി ഡാമുകളിലാണ് സിസിടിവി നിരീക്ഷണം. ഇടുക്കി ജലവൈദ്യുതി പദ്ധതിയോട് ചേര്‍ന്നുള മിനി ഡാമുകളിലും സിസിടിവി സ്ഥാപിക്കും 2019ല്‍ മുന്‍ ഡിജിപി ലോക്നാധ് ബെഹ്റ അനധികൃത ഡ്രോണുകള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊണ്ടിരുന്നു.
തിരുവനന്തപുരത്ത് വേളി വി.എസ്.എസ്.സി സുരക്ഷാ മേഖലയിലും വഴുതക്കാട് പോലീസ് മേധാവി ആസ്ഥാന പരിസരത്തും അനുവാദമില്ലാതെ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് പോലീസ് നിയമം കര്‍ശനമാക്കിയത്.എന്നാല്‍ വീണ്ടും ഡ്രോണുകള്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ പറത്തലിനു നിരോധനം ഏര്‍പ്പെടുത്തിയത്.