DeathHeadlineinternational newsLatest NewsNews

ഇസ്രയേലില്‍ ഡ്രോൺ ആക്രമണം, 22 പേര്‍ക്ക് പരിക്ക്; വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തെ കബളിപ്പിച്ചാണ് ഡ്രോൺ പതിച്ചത്.

ജറുസലം : തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത് നഗരത്തിൽ പതിച്ച് 22 പേർക്ക് പരുക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തെ കബളിപ്പിച്ചാണ് ഡ്രോൺ പതിച്ചത്. നഗരമധ്യത്തിൽ പതിക്കുന്ന ഡ്രോണിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി ഏറ്റെടുത്തിട്ടുണ്ട്. നിരവധി ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്നും ലക്ഷ്യം വിജയിച്ചെന്നും ഹൂതി വക്താവ് യഹ്‌യ സാരി അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയോട് പറഞ്ഞു. ഉം അല്‍-റാഷ്‌റാഷ്, ബിര്‍ അല്‍-സബ എന്നീ സ്ഥലങ്ങളിലെ നിരവധി ഇസ്രയേല്‍ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു .

അതിർത്തി ഭേദിച്ചെത്തിയ ഡ്രോൺ തടയാൻ ശ്രമിച്ചെന്നും രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെ തുടർന്ന് ആളുകളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. ഇസ്രയേല്‍ നഗരങ്ങള്‍ക്ക് നേരെയുള്ള ഏത് ആക്രമണവും ഹൂതി ഭരണകൂടത്തിന് വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. വ്യോമാക്രമണ ഭീഷണിയോട് പ്രതികരിക്കാനുള്ള വഴികള്‍ ആലോചിക്കാന്‍ സൈന്യത്തോട് നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍, ലെബനന്‍, ഗാസ എന്നിവിടങ്ങളില്‍ നിന്നും ഹൂതി തീവ്രവാദികള്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് പറഞ്ഞു. ഇസ്രയേലിനെ ദ്രോഹിക്കുന്നവര്‍ക്ക് ഏഴിരട്ടി ദ്രോഹം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് അവസാനം യെമനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂതി വിമതർക്ക് വലിയ നാശം സംഭവിച്ചിരുന്നു. യെമൻ തലസ്ഥാനമായ സനയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ ഹൂതികളുടെ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി കൊല്ലപ്പെട്ടിരുന്നു.

ഗാസയില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്നാണ് ഹൂതികള്‍ പറയുന്നത്. ഇതിനിടയിലും ഗാസയില്‍ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇന്നലെ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളുമുള്‍പ്പെടെ 85 പേരാണ് കൊല്ലപ്പെട്ടത്.

Drone attack in Israel, 22 people injured; Benjamin Netanyahu says it will deal a painful blow.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button