നാലുവര്‍ഷമയി മയക്കുമരുന്നിന് അടിമ: പൊട്ടിക്കരഞ്ഞ് ആര്യന്‍ ഖാന്‍
മുംബൈ: നാലു വര്‍ഷമായി താന്‍ മയക്കുമരുന്നിന് അടിമയാണെന്ന് ആര്യന്‍ ഖാന്‍. ക്രാഡില ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നിന്നും മയക്കുമരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥരോട് സമ്മതിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശസ്ത ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകനാണ് ആര്യന്‍ ഖാന്‍. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് ആര്യന്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് എന്‍സിബി ഉദ്യോഗസ്ഥരോട് സമ്മതിച്ചത്. ശനിയാഴ്ചയാണ് കപ്പലില്‍ നിന്നും ആര്യന്‍ ഖാനെ അടക്കം എട്ടുപേരെ എന്‍സിബി കസ്റ്റഡിയിലെടുത്തത്.
ആര്യന്‍ ഖാനു പുറമെ ആര്യന്റെ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിംഗ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നൂപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് എന്‍സിബി കസ്റ്റഡിയിലുള്ളത്. ആര്യനും അര്‍ബാസും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമാണുള്ളത്. കഴിഞ്ഞദിവസം മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിരിക്കെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അങ്ങിനെയാണെങ്കില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കും. ആര്യന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയ്‌സില്‍ നിന്നും കൂടെയുണ്ടായിരുന്ന യുവതികളുടെ സാനിറ്ററി പാഡുകള്‍ക്കിടയില്‍നിന്നും മരുന്നു പെട്ടികളില്‍ നിന്നുമൊക്കെയായാണ് മയക്കുമരുന്ന് പിടികൂടിയത്.
ലഹരിമരുന്നുമായി ബന്ധപ്പെട്ട് ആര്യനും സുഹൃത്തുക്കളും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ലഹരി പാര്‍ട്ടി നടത്തുന്നതിനിടെയാണ് ആര്യനെയും സംഘത്തെയും എന്‍സിബി കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് ചെയ്തത്.