CinemaCrimeLatest NewsNational

മയക്കുമരുന്ന് ഇടപാട്: ആര്യന്‍ ഖാനെതിരെ കേസുകള്‍ ശക്തമാകും

മുംബൈ: ആഢംബര കപ്പലില്‍ നിന്നും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിക്കാന്‍ താമസിച്ചേക്കും. ആര്യന്‍ ഖാനെതിരെ എന്‍സിബി ചുമത്തിയ രണ്ട് നിര്‍ണായക വകുപ്പുകളാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്. നാര്‍ക്കോട്ടിക് വിരുദ്ധ നിയമത്തിലെ ഏറ്റവും കടുപ്പമേറിയ വകുപ്പുകളായ സെക്ഷന്‍ 27 എ, സെക്ഷന്‍ 29 എന്നിവയാണ് ആര്യനെതിരെ ചുമത്തിയിരിക്കുന്നത്.

ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്കെതിരെയും ഈ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഈ രണ്ടു വകുപ്പുകളും പ്രത്യേക നിയമമാണ്. മയക്കുമരുന്ന് കടത്തോ വില്‍പനയോ ഉത്പാദനമോ അടക്കമുള്ള കാര്യങ്ങളില്‍ ധനപരമായ ഇടപാടുകള്‍ നടത്തുന്നതിലാണ് 27 എ ചുമത്തുക. പത്ത് വര്‍ഷം തടവും പിഴയും ഇതില്‍ പറയുന്നുണ്ട്. ആര്യന്റെ കേസില്‍ മയക്കുമരുന്ന് വാങ്ങിയെന്നും, ഉപയോഗിച്ചെന്നുമുള്ള വാദം എന്‍സിബി ഉയര്‍ത്തുന്നുണ്ട്.

ആര്യന്റെ വാട്സാപ്പ് സന്ദേശങ്ങളില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി സംഭാഷണം നടത്തിയെന്ന് പറയുന്നുണ്ട്. ഇതിലൂടെ വലിയ തോതില്‍ മയക്കുമരുന്ന് വാങ്ങാനായിരുന്നുവെന്ന് എന്‍സിബി കരുതുന്നു. സെക്ഷന്‍ 29 ആര്യനുള്ള അടുത്ത തലവേദനയാണ്. ക്രിമിനല്‍ കുറ്റത്തിന് ഗൂഢാലോചന നടത്തിയതാണ് ഇതില്‍ വരിക. ഈ വകുപ്പ് പ്രകാരം മയക്കുമരുന്ന് വിതരണം ചെയ്യുന്ന വ്യക്തിക്കൊപ്പം അത് എത്തിക്കാനായി ഗൂഢാലോചന നടത്തിയവരും ശിക്ഷപ്പെടും. ഇവര്‍ ഇനി ആക്ടീവായി ഇതില്‍ പങ്കെടുത്തില്ലെങ്കില്‍ ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് കണ്ടാല്‍ മാത്രം മതി കഠിന ശിക്ഷ ലഭിക്കാന്‍.

എന്നാല്‍ അറസ്റ്റ് ചെയ്തവരെ പരസ്പരം അറിയില്ല എന്നാണ് എന്‍സിബിയുടെ വാദത്തെ പൊളിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. എന്നാല്‍ ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും, അന്വേഷണത്തില്‍ കണ്ടെത്തുമെന്നുമാണ് എന്‍സിബിയുടെ വാദം. മയക്കുമരുന്ന് കടത്തുകാരനായ ആചിത് കുമാറിന് ആര്യനെയും അര്‍ബാസിനെയും അറിയാം എന്നത് മറ്റൊരു പ്രശ്നമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button