തമിഴ്‌നാട്ടില്‍ ഡിവൈഎസ്പി യായി വിലസിയ വിരുതനെ കുടുക്കി കേരള പോലീസ്
കുമളി: ഏറെ നാളുകളായി തമിഴ്‌നാട് പോലീസിനെ കബളിപ്പിച്ച് വിലസുന്ന വ്യാജ പോലീസ് അറസ്റ്റിലായി. തമിഴ്‌നാട് പോലീസിനെ തെറ്റിദ്ധരിപ്പിച്ച് കറങ്ങി നടന്ന ചെന്നൈ സ്വദേശി സി.വിജയനാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായത്.
ഇയാള്‍ ഡിവൈഎസ് പി യായി ചമഞ്ഞാണ് പോലീസിനെ കബളിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുമളി ചെക്‌പോസ്റ്റ് വഴി വെള്ളകാറില്‍ പോലീസ് എന്നെഴുതിയ സ്റ്റിക്കറും പതിപ്പിച്ച് കേരളത്തിലെത്തിയ ഇയാള്‍ കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തുകയും ഡിവൈഎസ്പി വി.എ.നിഷാദ് മോനുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.
പിന്നീട് ഇയാള്‍ തമിഴ് നാട്ടിലേക്ക് മടങ്ങി പോകുന്നതിനിടെ കട്ടപ്പന പോലീസ് സ്‌റ്റേഷന്റെ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ ഡിവൈഎസ്പി വി.എ.നിഷാദിന് സംശയം ഉണ്ടായി. തുടര്‍ന്ന് ഇയാളെ കുറിച്ചുള്ള വിവരം അറിയാന്‍ തമിഴ് നാട് പോലീസില്‍ തിരക്കിയപ്പോള്‍ റെക്കോഡ് പ്രകാരം ഈ പേരില്‍ ഇങ്ങനെ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനായി അവിടെ സര്‍വ്വീസില്‍ ഇല്ലെന്ന വിവരമാണ് ലഭിച്ചത്.
ഇതേ തുടര്‍ന്ന് കേരള പോലീസ് തമിഴ് നാട് പോലീസിന് ഇയാളെ കുറിച്ചുള്ള രൂപ രേഖയും ഇയാള്‍ ഉപയോഗിക്കുന്ന കാറിന്‌റെ ഡീറ്റെയില്‍സും എല്ലാം കൈമാറി. ഇതോടെ കേരളത്തില്‍ നിന്നും തമിഴ്‌നാടിലേക്ക് കടന്ന ഇയാളെ ഡിണ്ടിഗല്‍ ജില്ലയില്‍ വച്ച് തമിഴ് നാട് പോലീസ് വലയിലാക്കുകയായിരുന്നു. 2 മൊബൈല്‍ ഫോണുകളും തമിഴ്‌നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പിസ്റ്റള്‍ രൂപത്തിലുള്ള എയര്‍ഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും ഇയാളുടെ വാഹനത്തില്‍ നിന്നും പോലീസ് കണ്ടെത്തി.
ഇവിടെ തമിഴ് നാട് പോലീസാണ് വ്യാജ ഡിവൈഎസ്പിയെ പിടികൂടിയതെങ്കിലും പ്രശംസ നമ്മുടെ കേരള പോലീസിന് സ്വന്തമാണ്. എന്തെന്നാല്‍ ഇത്രയും നാള്‍ തമിഴ് നാട് പോലീസിനെ മുഴുവന്‍ കബളിപ്പിച്ചിട്ടും വ്യാജനായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനോ പിടികൂടാനോ പോലീസിന് സാധിച്ചിരുന്നില്ല.
അതേസമയം ഇയാള്‍ കേരളത്തിലെ സ്റ്റേഷനില്‍ വന്നപ്പോള്‍ മുതല്‍ ഇയാളുടെ പെരുമാറ്റത്തിലും രീതിയിലുമുണ്ടായ മാറ്റം ശ്രദ്ധയില്‍പ്പെട്ട കേരള പോലീസാണ് ഇയാള്‍ വ്യാജനാണെന്ന് കണ്ടെത്തിയത്.