GulfLatest News

ജീര്‍ണിച്ച മൃതദേഹത്തില്‍ നിന്ന് ഒരൊറ്റ മുടിനാര് കൊണ്ട് മുഖരൂപം സൃഷ്ടിച്ച് ദുബായ് പോലീസ്

ഇതൊക്കെ കേള്‍ക്കുമ്പോള്‍ സാധ്യമാണോ എന്ന് നാം സംശയിക്കും. ജീര്‍ണിച്ച മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഒരൊറ്റ മുടിനാരിനാല്‍ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖരൂപം സൃഷ്ടിച്ചെടുത്ത് ദുബായ് പൊലീസ്. ഒരുമാസം മുന്‍പ് കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആളുടെ മുഖമാണ് ത്രി ഡി ഫേഷ്യല്‍ റി കണ്‍സണ്‍ട്രക്ഷനിലൂടെ തയ്യാറാക്കിയത്.

വിരലടയാളമോ ഡിഎന്‍എയോ ലഭിക്കാത്ത മൃതദേഹത്തിന്റെ മുഖരൂപമാണ് ദുബായ് പൊലീസ് സൃഷ്ടിച്ചെടുത്തതെന്ന് ഫോറന്‍സിക് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ ബ്രി.അഹമദ് മത്തര്‍ അല്‍ മുഹൈരി പറഞ്ഞു. ഏറെ നാളുകള്‍ വെള്ളത്തില്‍ കിടന്നതിനാല്‍ മൃതദേഹത്തില്‍ ചര്‍മത്തിന്റെ നിറവും സ്വഭാവവും നഷ്ടപ്പെട്ടിരുന്നു.കുറ്റാന്വേഷണത്തില്‍ നിര്‍മിതബുദ്ധിയടക്കം നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ദുബായ് പൊലീസ് വീണ്ടും വിസ്മയിപ്പിക്കുകയാണ്. മുഖമടക്കം പൂര്‍ണമായും ജീര്‍ണിച്ച മൃതദേഹമാണ് ഒരുമാസംമുന്‍പ് പൊലീസ് കടലില്‍ നിന്ന് കണ്ടെടുത്തത്.

ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധര്‍, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജനറല്‍ വിഭാഗം എന്നിവരുടെ പരിശ്രമത്തിലൂടെയാണ് മുഖം സൃഷ്ടിച്ചത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഒരൊറ്റ മുടിനാര് ഉപയോഗിച്ചായിരുന്നു തുടര്‍ പരിശോധന. മരിച്ചയാള്‍ക്ക് മൂന്ന് സെന്റി മീറ്റര്‍ നീളംവരുന്ന ബലമുള്ള മുടിയാണ് ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞു. 35 മുതല്‍ 45 വരെ പ്രായമാണ് കണക്കാക്കിയത്. തലയോട്ടിയുടെ രൂപവും വലിപ്പവും കണക്കാക്കി ഇയാള്‍ മധ്യപൂര്‍വദേശക്കാരനായ ഏഷ്യന്‍ വംശജനാണെന്നും മനസിലാക്കി.

മരിച്ചയാളുടെ മുഖത്തിന്റെ ചിത്രം സഹിതം പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04-901 എന്ന നമ്ബരില്‍ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യര്‍ഥിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button