സ്വർണ്ണ കടത്തിൽ നിർണായക പങ്ക് സ്വപ്നക്കെന്ന് സരിത്ത്.

സ്വർണ്ണ കടത്തു കേസിൽ സ്വപ്‍ന സുരേഷിന് നിർണ്ണായക പങ്കുണ്ടെന്നു കേസിൽ കസ്റ്റഡിയിലുള്ള പി.എസ്.സരിത്ത് കസ്റ്റംസിന് മൊഴിനൽകി. സ്വപ്നയുടെ അറിവോടെയും മേല്നോട്ടത്തിലുമാണ് സ്വർണ്ണ കടത്തു നടന്നതെന്നാണ് മൊഴി നൽകിയിട്ടുള്ളത്. കള്ള കടത്തിൽ പങ്കുള്ള പ്രമുഖരെ കുറിച്ചുള്ള വിവരങ്ങളും സരിത്തിന്റെ മൊഴിയിലുണ്ടെന്നാണ് വിവരം. ലഭിക്കുന്ന സൂചനകൾ വെച്ച് അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. ചില പ്രമുഖരും ഇക്കൂട്ടത്തിലുണ്ടാകും.
സ്വർണ്ണ കടത്തു കേസിൽ ഇപ്പോൾ ഒളിവിലുള്ള സ്വപ്‍ന സുരേഷ് കുറെ മാസങ്ങളായി കസ്റ്റംസിന്റെയും റെവന്യൂ ഇന്റലിജൻസിന്റെയും നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരു ഉൾപ്പെടയുള്ള വിമാന താവളങ്ങൾ വഴിയും സ്വപ്ന കള്ളക്കടത്തു നടത്തിയിട്ടുണ്ടെന്ന് വിവരം കസ്റ്റംസിനുണ്ട്. സ്വപ്‍ന ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ചും അന്വേക്ഷണ ഉഗ്യോഗസ്ഥർക്കു സൂചന ലഭിച്ചതിനെ തുടർന്നാണ് എൻ ഐ എ അവിടേക്ക് എത്തുന്നത്. ഭീകരവാദവുമായി ബന്ധപ്പെട്ട യു.എ.പി.എ വകുപ്പുകൾ ഉൾപ്പെടുത്തിയത് കൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി സ്വപ്നക്കു ജാമ്യം അനുവദിക്കാൻ വഴിയില്ല.
അതേസമയം, സ്വർണ്ണ കടത്തു കേസിൽ സൂക്ഷ്മമായ നീക്കങ്ങളാണ് കേന്ദ്രം നടത്തുന്നത്. അതീവ ജാഗ്രതയോടെ കേരളത്തിലെ ഭീകരവാദ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ തകർക്കുകയാണ് ലക്‌ഷ്യം. കൂടുതൽ ജാഗ്രതയുടെ ഭാഗമായാണ് എൻ.ഐ.എ യുടെ അഭിഭാഷകനെ പോലും മാറ്റി ഡൽഹിയിൽ നിന്ന് പ്രത്യേക അഭിഭാഷകനെ കേസ് ഫയൽ ചെയ്യാൻ നിയോഗിച്ചത്. എൻ.ഐ.എ അഭിഭാഷകൻ കസ്റ്റംസുമായി അത്ര നല്ല ബന്ധമുള്ള വ്യക്തിയായിരുന്നില്ല. പലപ്പോളും കസ്റ്റംസിനെതിരെ നീങ്ങിയിട്ടുണ്ടെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡൽഹിയിൽ നിന്ന് അഭിഭാഷകനെ എത്തിച്ചു കേന്ദ്രം സുപ്രധാന നീക്കം നടത്തിയത്. എൻ ഐ എ യുടെ കസ്റ്റംസും, കൂടുതൽ യോജിപ്പോടെ നീങ്ങാനും വിവരങ്ങൾ ചോരാതിരിക്കാനും പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.