international newsLatest NewsWorld

ദുർഗാപുർ ബലാത്സംഗക്കേസ് ; പീഡിപ്പിച്ചത് ഒരാളെന്ന് പൊലീസ്, സുഹൃത്തും സംശയമുനയിൽ

ബംഗാളിലെ ദുർഗാപുരിൽ സ്വകാര്യ മെഡിക്കൽ കോളജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ പുതിയ വഴിത്തിരിവ്. അന്വേഷണം പുരോഗമിക്കുമ്പോൾ, ഒരാൾ മാത്രമാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുകയാണ്. ഒഡിഷ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം ക്യാംപസിന് സമീപം ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സംഭവം നടന്നത്. ആദ്യം നൽകിയ മൊഴിയിൽ, മൂന്നു പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ആരോപണം, ഇതിന്റെ അടിസ്ഥാനത്തിൽ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തിനെയും പൊലിസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ റിപ്പോർട്ടുകളും പ്രാഥമിക അന്വേഷണവും ഒരാളുടെ മാത്രം പങ്കാളിത്തം സൂചിപ്പിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മറ്റു പ്രതികൾക്കും സുഹൃത്തിനും സംഭവത്തിൽ പങ്കുണ്ടോയെന്ന് വിശദമായി പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സുഹൃത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റ് പ്രതികളുടെ വസ്ത്രങ്ങളുമെല്ലാം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ചികിത്സയിലായിരിക്കുന്ന വിദ്യാർത്ഥിനിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ഇരയും പുരുഷസുഹൃത്തും ക്യാംപസിൽ നിന്നു പുറത്തേക്ക് പോകുന്നതും, തുടർന്ന് സുഹൃത്ത് ഒറ്റയ്ക്ക് മടങ്ങിയെത്തുന്നതും, കുറച്ച് സമയം ക്യാംപസിൽ സഞ്ചരിച്ചതിനുശേഷം വീണ്ടും തിരികെ പോയതും സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇത്രയും സമയം കഴിഞ്ഞിട്ടും സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കാത്തത് അന്വേഷണ സംഘത്തിന് സംശയം ഉന്നയിക്കാൻ ഇടയായി.

കോളജിനടുത്തുള്ള കാടുപിടിച്ച പ്രദേശത്തേക്കാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. അവിടെ അവൾ പീഡനത്തിനിരയായി. പ്രതികൾ പെൺകുട്ടിയുടെ മൊബൈൽ ഫോൺ, പണം എന്നിവ കവർന്നതായും പീഡന ദൃശ്യങ്ങൾ പകർത്തിയതായും സൂചനയുണ്ട്. പെൺകുട്ടിയുടെ ഫോൺ ഉപയോഗിച്ച് പ്രതികൾ കൂട്ടാളികളെ വിളിച്ചുവെന്നതാണ് അന്വേഷണത്തിൽ നിർണായകമായ തെളിവായി മാറിയത്. സംഭവത്തിൽ സുഹൃത്തിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഇരയുടെ പിതാവ് വ്യക്തമാക്കി.

Tag: Durgapur rape case; Police say one person raped her, friend also under suspicion

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button