ഓണക്കാലത്ത് എല്ലാ മേഖലയിലും മുൻവർഷത്തെ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ലഭ്യമാക്കുന്നു.

കോവിഡുമൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഓണക്കാലത്ത് എല്ലാ മേഖലയിലും മുൻവർഷത്തെ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ലഭ്യമാക്കുകയാണ്. ഓണക്കാല ആനുകൂല്യവിതരണത്തിനായി ബുധനാഴ്‌ചവരെ 5209.45 കോടി രൂപയാണ് ധനവകുപ്പ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
ഓണക്കാലത്തെ പെൻഷനുകൾ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുകയാണ്. സെപ്‌തംബറിലെ സർവീസ് പെൻഷൻ വ്യാഴാഴ്‌ച നൽകിത്തുടങ്ങും. 48 ലക്ഷം പേർക്കായി സാമൂഹ്യസുരക്ഷാ പെൻഷന് 1170.72 കോടി രൂപ സർക്കാർ അനുവദിച്ചു. ഒരാൾക്ക് 2600 രൂപവീതമെങ്കിലും ലഭിക്കും. 610.88 കോടി രൂപ ബാങ്ക് അക്കൗണ്ടുകൾവഴി നൽകും. 559.84 കോടി നേരിട്ടെത്തിക്കും. ആറരലക്ഷത്തോളം അസംഘടിത തൊഴിലാളികൾക്ക് 2600 രൂപവീതം നൽകും. 160.21 കോടി രൂപ നീക്കിവച്ചു. കുടുംബ പെൻഷനടക്കം 1370 കോടി നീക്കിവച്ചു.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ബോണസും ഉത്സവബത്തയും ഓണം അഡ്വാൻസും വിതരണം ചെയ്തു തുടങ്ങി. ആഗസ്‌തിലെ മുൻകൂർ ശമ്പളം 24 മുതലാണ്. 60 വിഭാഗങ്ങളിലായി 2750 മുതൽ 1000 രൂപവരെയാകും ബത്ത. ബോണസും ബത്തയുമായി 115 കോടിയും അഡ്വാൻസിനത്തിൽ 117 കോടിയും നൽകും. 2160 കോടി നൽകും.
തൊഴിലുറപ്പുകാർക്ക് ഉത്തവബത്ത നൽകാൻ 25.45 കോടി രൂപ സർക്കാർ അനുവദിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ 2,51,114 പേർക്കും നഗര തൊഴിലുറപ്പ് പദ്ധതിയിലെ 3321 പേർക്കും 1000 രൂപവീതമുണ്ട്. 6500 ആധാരം എഴുത്തുകാർക്ക് 2000 രൂപവീതം നൽകും. 1.30 കോടി നീക്കിവച്ചു. സർക്കാർ ഏറ്റെടുത്തതും കോടതിവിധിമൂലം മടക്കിനൽകിയതുമായ നാലു കശുവണ്ടി ഫാക്ടറികളിലെ 1600 തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റിയായി 10 കോടി നൽകി. വിമരിച്ച കയർ സംഘം ജീവനക്കാർക്ക് പെൻഷന് 5.19 കോടി നീക്കിവച്ചു. 10,601 അങ്കണവാടി ജീവനക്കാർക്ക് 1000 രൂപവീതമുണ്ട്. 1.06 കോടി അനുവദിച്ചു. റബർ ഉൽപ്പാദക സബ്‌സിഡിയായി 49.50 കോടി രൂപ സർക്കാർ നൽകും.
എൻഡോസൾഫാൻ ഇരകളായ 5453 പേർക്ക് ആഗസ്‌തുവരെയുള്ള പെൻഷൻ 4.80 കോടി വിതരണംചെയ്യും. വികലാംഗ പെൻഷൻ ലഭിക്കാത്ത ശയ്യാവലംബരായ 1448 പേർക്ക് 11,000 രൂപവീതവും വികലാംഗ പെൻഷൻ ലഭിക്കുന്ന 1442 പേർക്ക് 8500 രൂപവീതവും മറ്റ് ഇരകൾക്ക് 6000 രൂപവീതവും സർക്കാർ വിതരണം ചെയ്യും..
സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ഓണക്കിറ്റും ഓണക്കോടിയും ഓണസമ്മാനം നൽകും. ഓണക്കിറ്റും 60 വയസ്സ് കഴിഞ്ഞവർക്ക് ഓണക്കോടിയും നൽകും. വിതരണോദ്‌ഘാടനം വ്യാഴാഴ്‌ച വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
1,62,382 പട്ടികവർഗ കുടുംബത്തിനാണ് ഓണക്കിറ്റുകൾ നൽകുന്നത്. അരി (15 കിലോ), ചെറുപയർ (500 ഗ്രാം), പഞ്ചസാര (500 ഗ്രാം), മുളകുപൊടി (200 ഗ്രാം), ശർക്കര (500 ഗ്രാം), വെളിച്ചെണ്ണ (500 ഗ്രാം), ഉപ്പുപൊടി (ഒരു കിലോ), തുവര പരിപ്പ് (250 ഗ്രാം), തേയില (200 ഗ്രാം) എന്നിങ്ങനെ ഒമ്പതിനം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യും. 14,04,36,088 രൂപയാണ് ഇതിനായി പട്ടികവർഗ വികസനവകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതിയിൽനിന്ന് ചെലവഴിക്കുന്നത്. മുൻ വർഷത്തേക്കാൾ 2629 പേർക്ക് അധികമായി ഓണക്കിറ്റ് നൽകും. സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേനയാണ് വിതരണം. 63,224 പട്ടികവർഗക്കാർക്കാണ് ഓണക്കോടി.27,640 പുരുഷന്മാർക്കും 35,584 സ്ത്രീകൾക്കും ഓണക്കോടി നൽകും. പുരുഷന്മാർക്ക് ഒരിഞ്ചു കരയുള്ള ഡബിൾ മുണ്ട്, വെള്ള തോർത്ത് എന്നിവയും സ്ത്രീകൾക്ക് ഒരിഞ്ചു കരയുള്ള സിംഗിൾ സെറ്റ് മുണ്ടും സമ്മാനിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 5,81,03,388 രൂപ ചെലവഴിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 2220 പേർക്ക് അധികമായി ഓണക്കോടി നൽകും. ഹാൻടെക്സ് വഴിയാണ് വിതരണം നടത്തുക.