Kerala NewsLatest News

സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

ബംഗളൂരു: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ സനു മോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. സനു മോഹന്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിര്‍ണായക വഴിത്തിരിവ്. കര്‍ണാടക പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പരിസരത്ത് സനുമോഹന്‍ താമസിച്ചിരുന്നെന്ന വിവരം കിട്ടിയതോടെ കര്‍ണാടക പൊലീസിനോട് കേരള പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ ഇയാളെ കേരളത്തിലെത്തിക്കും.

സനു മൂകാംബികയില്‍ ആറു ദിവസം

സാനു മോഹന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലില്‍ ഏപ്രില്‍ 10 മുതല്‍ 16 വരെ താമസിച്ചിരുന്നതായി മാനേജര്‍ അജയ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. രാവിലെയും വൈകിട്ടുമാണ് പുറത്തുപോയിരുന്നത്. ഹോട്ടലിലിരുന്ന് പത്രം വായിക്കുന്നത് ഉള്‍പ്പെടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഹോട്ടലില്‍ രണ്ടായിരം രൂപയാണ് കൊടുത്തിരുന്നത്. 15 ന് വൈകിട്ട് ഹോട്ടല്‍ ജീവനക്കാര്‍ ബാക്കി പണം ആവശ്യപ്പെട്ടു. ഈ സമയം സാനു തനിക്ക് 16 ന് രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്താന്‍ കാര്‍ ബുക്ക് ചെയ്യാന്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. 16ന് രാവിലെ കാര്‍ എത്തിയപ്പോഴേക്കും സാനു മുങ്ങിയിരുന്നു. ആധാര്‍ കാര്‍ഡിലെ വിലാസം പരിശോധിച്ച ഹോട്ടല്‍ മാനേജര്‍ സാനുവിനെക്കുറിച്ച്‌ എറണാകുളത്തുളള സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് കേസിന്റെ വിവരം അറിയുന്നത്. തുടര്‍ന്ന് മാനേജര്‍ ലുക്ക് ഔട്ട് നോട്ടീസിലെ നമ്ബരില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. പതിവായി മൂകാംബിക ക്ഷേത്രദര്‍ശനം നടത്താറുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.

കാര്‍ കോയമ്ബത്തൂരില്‍ ഉപേക്ഷിച്ചു

സാനു ഉപയോഗിച്ചിരുന്ന കെ.എല്‍. 7 സി.ക്യു 8571 ഫോക്സ് വാഗണ്‍ അമിയോ കാര്‍ കോയമ്ബത്തൂരില്‍ ഉപേക്ഷിച്ചതായി വിവരം ലഭിച്ചു. കൊല്ലൂരില്‍ സാനു എത്തിയത് ടാക്സിയിലാണ്.

വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം

വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം രാസപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികപീഡനത്തിന് ഇരയായതായി സൂചനയില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് വിവരം. മദ്യം നല്‍കി മയക്കി പുഴയില്‍ തള്ളിയതാണെന്ന സംശയം ബലപ്പെട്ടു.

കാക്കനാട്ടെ കെമിക്കല്‍ എക്സാമിനേഴ്സ് ലാബിന്റെ റിപ്പോര്‍ട്ട് ഇന്നലെ വൈകിട്ട് പൊലീസിന് കൈമാറി. ആമാശയത്തിലെ ഭക്ഷണം, കരള്‍, വൃക്ക, രക്തം, കുടല്‍, മൂത്രം എന്നിവയുടെ സാമ്ബിളുകളാണ് പരിശോധിച്ചത്.

മാര്‍ച്ച്‌ 21ന് വൈകിട്ട് ഏഴോടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റിലേക്ക് സാനുമോഹനൊപ്പം ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നാണ് വൈഗ പുറപ്പെട്ടത്. പിറ്റേന്ന് മുട്ടാര്‍ പുഴയില്‍ മൃതദേഹം കണ്ടെത്തി. യാത്രാമദ്ധ്യേയോ രാത്രി ഫ്ളാറ്റിലെത്തിയ ശേഷമോ ഭക്ഷണത്തില്‍ കലര്‍ത്തി മദ്യം കഴിപ്പിച്ചതാകാമെന്ന് കരുതുന്നു. ഫ്ളാറ്റില്‍ നിന്ന് രാത്രി പത്തോടെ വൈഗയെ തോളില്‍ കിടത്തിയാണ് സാനു കാറില്‍ കയറ്റിയതെന്ന് സാക്ഷിമൊഴിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button