CrimeLatest NewsNationalUncategorized
സുശീൽകുമാറിന് ഡെൽഹിയിലെ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി പോലീസ്; ഗുണ്ടാത്തലവന്മാരെ ചോദ്യം ചെയ്തു
ന്യൂ ഡെൽഹി: ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിംപ്യൻ സുശീൽകുമാറിന് ഡെൽഹിയിലെ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ജയിലിൽ കഴിയുന്ന ചില ഗുണ്ടാത്തലവന്മാരെ ചോദ്യം ചെയ്തപ്പോഴാണു സൂചനകൾ ലഭിച്ചത്. ജൂനിയർ ഗുസ്തിതാരം സാഗർ ധൻകട് കൊല്ലപ്പെട്ട കേസിൽ ക്രിമിനൽ സംഘാംഗങ്ങളായ 4 പേരെ കൂടി പോലീസ് പിടികൂടി. സുശീലിനൊപ്പം ഉണ്ടായിരുന്നവരാണിവർ.
ഡെൽഹി–എൻസിആർ മേഖലയിൽ റിയൽ എസ്റ്റേറ്റ് ബിസിനസുള്ള ധനികരിൽ നിന്നു ഗുണ്ടാപ്പണം ആവശ്യപ്പെടുന്ന സംഭവങ്ങളിൽ സുശീൽ ഇടനിലക്കാരനായി കമ്മീഷൻ വാങ്ങിയിരുന്നുവെന്ന് പിടിയിലായ ചിലർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ക്രിമിനൽ ബന്ധങ്ങൾ സുശീലിനെ കുടുക്കാനായി കെട്ടിച്ചമച്ചതാണെന്നും സാഗറിനെ മർദിച്ചത് കൊല്ലാനുദ്ദേശിച്ചല്ലെന്നുമാണ് അടുപ്പക്കാർ പറയുന്നത്.