എൽ ഡി എഫിന്റെ വിജയം, ഡി വൈ എഫ് ഐ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഡി ജെ പാർട്ടി നടത്തി.

ഇടുക്കി / ഇടുക്കിജില്ലയിലെ ഉടമ്പന്നൂർ ടൗണിൽ എൽ ഡി എഫിന്റെ വിജയം ആഘോഷിക്കാൻ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡി വൈ എഫ് ഐ, ഡി ജെ പാർട്ടി നടത്തിയത് വിവാദമായി. മാസ്‌കോ സാമൂഹ്യ അകലമോ പാലിക്കാതെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയായിരുന്നു ഡി വൈ എഫ് ഐ യുടെ ഡി ജെ പാർട്ടി നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അഞ്ഞൂറോളം പേർ ആണ് ഡി വൈ എഫ് ഐയുടെ ഡി ജെ പാർട്ടിയിൽ പങ്കെടുത്തത്. ഡി ജെ പാർട്ടിയുടെ ദൃശ്യങ്ങൾ ലൈവായി ഡി വൈ എഫ് ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെ യാണ് സംഭവം കൂടുതൽ ജനങ്ങൾ അറിയാൻ ഇടയാക്കിയത്. ഇരുപത് വർഷകാലമായി യു ഡി എഫ് ഭരിച്ചുവന്ന പഞ്ചായത്ത് ഇത്തവണ എൽ ഡി എഫ് പിടിച്ചെടുത്തിരുന്നു. പാർട്ടിയിൽ മദ്യവിതരണവും നടന്നതായും പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. വൈകിട്ട് ഏഴ് മണിയോടെ ആരംഭിച്ച ആഘോഷ പരിപാടി രാത്രി വളരെ വൈകുന്നത് വരെ നീണ്ടു. സംഘടനയുടെ ജില്ലാ നേതാക്കൾ, ജനപ്രതിനിധികൾ, സി പി എം ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവരും പാർട്ടിയിൽ പങ്കെടുക്കുകയുണ്ടായി.